ജന്മം കൊണ്ട് പറശ്ശിനിക്കടവ്കാരനും മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ജീവിതം കൊണ്ട് ധർമടത്തുകാരനുമാണ് ഞാൻ. എന്റെ താമസസ്ഥലത്തിന് കഷ്ടിച്ച് ഒരു കിലോമീറ്ററിനിപ്പുറത്തു നിന്ന് തലശ്ശേരി നഗരം ആരംഭിക്കുന്നു. നിത്യസഹവാസം ആ നഗരവുമായിട്ടാണ്. അതിനാൽ എന്നെ തലശ്ശേരിക്കാരനെന്നും പറയാം. പക്ഷേ എന്റെ നാട് എരിപുരമാണ്. പഴയങ്ങാടിയാണ് എന്നോ മാടായിയാണ് എന്നോ പറഞ്ഞാലും ഏറെക്കുറെ ശരിയായിരിക്കും. അടുത്തില, വെങ്ങര ചെങ്ങൽ, നെരുവമ്പ്രം തുടങ്ങിയ സമീപ പ്രദേശങ്ങളെ കൂടി ചേർത്ത് നാടിന്റെ അതിരുകൾ വിപുലമാക്കാം.
ഈ പ്രദേശങ്ങളെല്ലാം ചേർന്ന ഭൂവിഭാഗത്തോടും അവിടുത്തെ മനുഷ്യരോടുമാണ് എഴുത്തുകാരനെന്ന നിലയിൽ ഞാൻ ഏറ്റവുമധികം കടപ്പെട്ടിട്ടുള്ളത്.ആഗോള മനുഷ്യന്റെ കാലമാണിത്. ഏറ്റവും പുതിയ തലമുറയിലെ കേരളീയ യുവജനങ്ങളിൽ ഗണ്യമായൊരു വിഭാഗം വിദേശത്തെ തൊഴിലും താമസവും അതിയായി ആഗ്രഹിക്കുന്നവരാണ്. അല്ലാത്തവർക്കും അവനവന്റെ നാട് വലിയൊരു വികാരമൊന്നുമല്ല. ലോകത്തിന്റെ നാനാഭാഗത്തായി നിർമിക്കപ്പെടുന്ന വസ്തുക്കളും സാംസ്കാരികാനുഭവങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നവർക്ക് നാട് എന്നതിന് തൽക്കാലം ജീവിക്കുന്ന ഇടം എന്നതിൽ കവിഞ്ഞുള്ള അർത്ഥമൊന്നും ഉണ്ടാവേണ്ട കാര്യമില്ല. നാടിനോടുള്ള വൈകാരിക ബന്ധത്തിന്റെ കാര്യത്തിൽ ചെറുതല്ലാത്ത അളവിൽ പഴഞ്ചനാണ് ഞാൻ. എൻ്റെ ഓർമകളിലും വിചാരങ്ങളിലും ഏറ്റവും കൂടുതൽ തവണ ഇടം നേടിയ പ്രദേശങ്ങൾ മാടായി പാറപ്പുറവും അതിന്റെ ചുറ്റിലുമുള്ള പ്രദേശങ്ങളുമാണ്. ചരിത്രം എന്നാൽ പ്രാഥമികമായും പ്രാദേശിക ചരിത്രമാണ് എന്നൊരു നിലപാട് ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു വരുന്നുണ്ട്. നമ്മുടെ നാട്ടിലും ആ ഒരു തോന്നൽ വളരെ ശക്തമായിരിക്കുന്നു. ഇന്നിപ്പോൾ കേരളത്തിലെ ഏത് പ്രദേശത്തെ കുറിച്ചും അന്നാട്ടിലെ സ്കൂൾകുട്ടികളുടെ കയ്യിൽ പോലും ചരിത്ര സംബന്ധിയായ ഒരു പാട് വിവരങ്ങളുണ്ടാവും. മാടായിയുടെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചൊക്കെ ഞാൻ മനസ്സിലാക്കിത്തുടങ്ങുന്നത് വളരെ വൈകിയാണ്. ചരിത്രകാരന്മാർക്കും ഗവേഷകർക്കും സംസ്കാര പഠിതാക്കൾക്കുമെല്ലാം അമൂല്യമായി തോന്നുന്ന ഒരുപാട് വസ്തുതകളുടെ മഹാഖനിയാണ് ഈ പ്രദേശം. അവയിൽ ഒന്നിന്റെ പോലും പിൻബലമില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം എരിപുരവും, മാടായിപ്പാറയും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളും തന്നെയാണ്.
പേരിൽ നിന്നു തുടങ്ങാം
കണ്ണൂരിൽ നിന്ന് 1960കളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ചക്രം എന്ന മാസികയിലും അന്നൊക്കെ തലശ്ശേരി മുതൽ കാസർഗോഡ് വരെയുള്ള പ്രദേശത്തെ സാഹിത്യപ്രണയികളായ യുവജനങ്ങൾ നെഞ്ചേറ്റി നടന്നിരുന്ന ദേശമിത്രം വാരികയിലുമാണ് എന്റെ ആദ്യകവിതകൾ അച്ചടിച്ചു വന്നത്. എരിപുരം പ്രഭാകരൻ എന്ന പേരിലാണ് അന്ന് ഞാൻ എഴുതിയിരുന്നത്. പിന്നീട് ആദ്യം ദേശാഭിമാനി വാരാന്തപ്പതിപ്പിലും പിന്നെ ദേശാഭിമാനി വാരികയിലുമായി എഴുത്ത് തുടർന്നപ്പോൾ ഞാൻ എൻ.പി. എരിപുരം എന്ന പുതിയ പേര് സ്വീകരിച്ചു.
എരിപുരം എന്ന പേരിന് സ്ഥലപുരാണം നൽകുന്ന അർത്ഥം കാമദേവനെ എരിച്ചു കളഞ്ഞ പുരം എന്നതാണ്. മഴക്കാലം കഴിഞ്ഞാൽ വിശാലമായ മാടായിപ്പാറയുടെ ചൂട് മുഴുവൻ ഏറ്റുവാങ്ങി എരിയുന്ന ഇടമാണ് എരിപുരം എന്നതാണ് നാട്ടുകാരുടെ അനുഭവം. സ്കൂൾ ജീവിതകാലത്ത് എവിടെയോ വായിച്ചിരുന്നു, പോർത്തുഗീസുകാർ അവരുടെ ഭാഷയിൽ ” തീ എരിയുന്ന നഗരം’ എന്ന് അർത്ഥം വരുന്ന വാക്കുകളിലാണത്രെ ഈ പ്രദേശത്തിന്റെ പേര് പരിഭാഷപ്പെടുത്തിയത്. (ഒരു പക്ഷേ ,ആരോ പറഞ്ഞു കേട്ട വിവരവുമാകാം ഇത്. വിവരത്തിന്റെ സ്രോതസ്സ് പ്രധാനമാണ് എന്നൊന്നും അറിയാതിരുന്ന കാലത്ത് കൈവന്ന വിവരമാണിത. എന്തായാലും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഭാഗികമായി എരിപുരം തന്നെയായ സാങ്കല്പിക ഗ്രാമത്തിന് എന്റെ നോവലിൽ ഞാൻ തീയൂർ എന്ന് പേരിട്ടത്.
എരിപുരം ഉൾപ്പെടെ ഈ ഭൂവിഭാഗത്തുള്ള പ്രദേശങ്ങളെയെല്ലാം തന്നോട് ചേർത്തുപിടിച്ച മട്ടിലാണ് മാടായിപ്പാറയുടെ കിടപ്പ്. ഒരു കാലത്ത് അറുന്നൂറ് ഏക്കറിലധികമുണ്ടായിരുന്നു ഈ പാറപ്പരപ്പിന്. ഋതുഭേദങ്ങൾക്കനുസരിച്ച് പാറ നൽകുന്ന ദൃശ്യാനുഭവങ്ങളിലും മാനസ്സികാനുഭവങ്ങളിലും വലിയ വ്യത്യാസം വരും. ഓണക്കാലത്തെ മാടായിപ്പാറ കാക്കപ്പൂവിന്റെയും കൃഷ്ണപ്പൂവിന്റെയും പ്രസാദം പകരുന്ന പച്ചപ്പിന്റെയും പാറയാണ്. മാർച്ച് അവസാനം അല്ലെങ്കിൽ ഏപ്രിലിന്റെ ആരംഭത്തിൽ പൂരച്ചന്തയിൽ നിന്ന് മടങ്ങുന്നവർക്ക് അത് വെയിലിൽ തീ പാറുന്ന കരിംപാറയാണ്. വെങ്ങരയിലെയും പഴയങ്ങാടിയിലെയും അടുത്തിലയിലയിലെയും എരിപുരത്തെയുമെല്ലാം മനുഷ്യരുടെ ഒാർമകളിലെ ഏറ്റവും വലിയ ഭൗമസാന്നിധ്യം മാടായിപ്പാറയായിരിക്കും. മാടായിപ്പാറയുടെ സംരക്ഷണം എന്ന മുദ്രാവാക്യവുമായി പല വർഷങ്ങളായി രംഗത്തുള്ള കൃഷ്ണൻമാഷ്ക്കും ചന്ദ്രാംഗദനും മറ്റ് പ്രകൃതിസ്നേഹികൾക്കുമൊക്കെ ഈ പാറപ്പരപ്പിന്റെ ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യത്തെ പറ്റി ഒരുപാട് കാര്യങ്ങൾ പറയാനുൺ്. അവർ പറയുന്നതത്രയും ശരിയാണ്.എന്നാൽ ആ കാര്യങ്ങളെല്ലാം മാറ്റി നിർത്തിയാലും മാടായിപ്പാറയുടെ സംരക്ഷണം വലിയൊരു സാമൂഹ്യാവശ്യമാണെന്നാണ് ഞാൻ കരുതുന്നത്.എണ്ണമറ്റ തലമുറകളായി എരിപുരത്തെയും പാറയുടെ ചുറ്റിലുമുള്ള ഗ്രാമങ്ങളിലെയും അസംഖ്യം മനുഷ്യജീവിതങ്ങളെ പ്രകൃതി സൃഷ്ടിച്ച ഈ മഹാവിശാലത എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നു പറഞ്ഞറിയിക്കാനാവില്ല. ഏഴിമലയുടെ ഗംഭീരമായ സാന്നിധ്യത്തെ കാഴ്ചയിലനുഭവിച്ചും അതിരുകളില്ലായ്മ നൽകുന്ന അനിർവചനീയമായ ആനന്ദവും ഉത്തേജനവും കൊണ്ട് ത്രസിച്ചും സന്ധ്യാസമയത്ത് മാടായിപ്പാറയിലൂടെ നടക്കുന്നതിനോട് താരതമ്യപ്പെടുത്താവുന്ന മറ്റൊരനുഭവം വേറൊരു ഭൂവിഭാഗത്തു നിന്നും ഇന്നേ വരെ എനിക്ക് ലഭിച്ചിട്ടില്ല.
യക്ഷികളും പൂതങ്ങളും
ഈ പ്രദേശത്തുകാരായ എല്ലാ ആളുകളും തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെ അനുഭവിച്ചു വന്ന പൊതുവിടമാണ് മാടായിപ്പാറ.കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തിനിടയിൽ പല വിധ കയ്യേറ്റങ്ങളാൽ പാറയുടെ വിസ്തൃതി വല്ലാതെ കുറഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന പാറപ്പരപ്പെങ്കിലും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.
പാറയുടെ വടക്കേ ചെരിവിലുള്ള വണ്ണാൻ തടവും അതിനപ്പുറമുള്ള കൂളിക്കുണ്ടുമെല്ലാം സ്കൂൾ ജീവിതകാലത്ത് ഞങ്ങൾ വേനലവധി മുഴുവൻ ആഘോഷിച്ചു തീർത്ത സ്ഥലങ്ങളാണ്. വണ്ണാൻ തടത്തിലെ നാനാതരം പക്ഷികളോടും അണ്ണാൻ മുതൽക്കുള്ള ചെറുജീവികളോടും അന്ന് തോന്നിയ സാഹോദര്യം അളവറ്റതായിരുന്നു. ആരുടേതുമല്ലാത്തതുപോലെ കിടന്നിരുന്ന ആ തടത്തിലെ പല തരം മാവുകൾ തന്ന നാനാരസമുള്ള മാങ്ങകൾ തിന്നും നെല്ലിക്കയും പച്ചവെള്ളവും കുടിച്ചും മരത്തണലിൽ കിടന്നുറങ്ങിയും അനുഭവിച്ച ആനന്ദം ഒാർമയിൽ അയവിറക്കുന്നതുപോലും അർത്ഥസാന്ദ്രമായൊരു സർഗാത്മക പ്രവർത്തനം തന്നെയാണെനിക്ക്.
മാടായിപ്പാറയെ പറ്റി കുട്ടിക്കാലത്ത് കേട്ട കഥകളിൽ വഴിപോക്കരെ വട്ടം കറക്കി വിടുന്ന യക്ഷിയും പ്രേതങ്ങളുമെല്ലാം ഇഷ്ടം പോലെ ഉണ്ടായിരുന്നു. ആൾപ്പെരുമാറ്റം നന്നേ കുറവായിരുന്ന പഴയ കാലത്ത് ഇത്രയും വിശാലമായ വിജനതയിൽ ആളുകളെ വഴിപിഴപ്പിക്കുന്ന യക്ഷികളെയും പൂതങ്ങളെയും ഭാവന ചെയ്യുക തികച്ചും സ്വാഭാവികമാണ്. എരിപുരത്തെ റേഷൻ പീടികയിൽ അരി അളന്നു കൊടുക്കാൻ നിന്നിരുന്ന ഒരു പാവത്താനെ നട്ടുച്ച നേരത്ത് പഴയങ്ങാടിയിൽ നിന്ന് റേഷൻ പീടികയിലേക്ക് വരും വഴി യക്ഷി വഴി പിഴപ്പിച്ച് ജൂതക്കുളം വരെ എത്തിച്ചത് ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണെന്നാണ് ഓർമ. സംഭവത്തിന് നേരിട്ട് ദൃക്സാക്ഷികളായവരെന്ന പോലയാണ് എരിപുരത്തുള്ള പലരും അതിന്റെ വിവരണം നൽകിയിരുന്നത്. അഞ്ചു മണി കഴിഞ്ഞും റേഷൻ പീടികയിൽ എത്താതിരുന്ന അളന്നുകൊടുപ്പുകാരനെ പലേടത്തും അന്വേഷിച്ച് ഒടുവിൽ പാറകയറിയ ആളുകൾ ജൂതക്കളത്തിന്റെ കരയിൽ ആകെ വെളിവുകെട്ടതു പോലെ ഭയന്നുവിറച്ച് നിൽക്കുന്ന അവസ്ഥയിലാണത്രെ അയാളെ കണ്ടത്. ഇതു പോലുള്ള ഒരു പാട് കഥകൾ അന്നൊക്കെ ഇടക്കിടെ കേൾക്കാറുണ്ടായിരുന്നു.
കാൽപാദത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും വിരലുകളുള്ളവരും കണ്ണിൽ കൃഷ്ണമണി ഇല്ലാത്തവരുമായ പ്രേതങ്ങൾ
മുന്നടി വയ്യടി ഇല്ലയ്യാ
കണ്ണിൽ കരിമയി ഇല്ലയ്യാ
എന്നു പാടിക്കൊണ്ട് മാടായി പാറപ്പുറത്ത് നൃത്തം വെക്കുന്നത് തന്റെ ഒരമ്മാവൻ കണ്ടതായി മൂന്നിലോ നാലിലോ പഠിക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇരുപത് വിരലുകളുള്ള ബീഭത്സമായ ആ പ്രേതക്കാലുകളെ സങ്കല്പിക്കുമ്പോൾ ഇപ്പോൾ പോലും ഞാൻ ഞെട്ടിപ്പോവുന്നുണ്ട്.
എന്റെ പാറ
മാടായി ഹൈസ്ക്കൂളിൽ ഞാൻ പഠിക്കുമ്പോൾ അവിടെ അറബിക് പഠിപ്പിച്ചിരുന്ന മാഷ് പരീക്ഷാഹാളിൽ പിൻബെഞ്ചിലിരിക്കുന്നവന്റെ ഉത്തരക്കടലാസ്സിലേക്ക് തിരിഞ്ഞു നോക്കുന്നവരോട് “തിരിഞ്ഞു നോക്കരുത്,തിരിഞ്ഞു നോക്കരുത്, തിരിഞ്ഞുനോട്ടം അറുപതാം വയസ്സിനു ശേഷം’ എന്നു പറയുമായിരുന്നു. ഇപ്പോൾ,അറുപതിനെ സമീപിച്ചുകൊിരിക്കുന്ന എനിക്ക് തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും സംഭവബഹുലവും അനുഭവസമ്പന്നവുമായ ഘട്ടം ഓർമവെച്ചു തുടങ്ങുന്ന പ്രായം മുതൽ പതിനാറ് പതിനേഴ് വയസ്സ് വരെയുള്ള കാലമാണെന്ന് തോന്നുന്നു. ഈ കാലയളവ് മുഴുവൻ എനിക്ക് ദൈനംദിന സഹവാസമുണ്ടായിരുന്ന ഭൂവിഭാഗം മാടായിപ്പാറയും പരിസരവുമാണ്. എന്തെന്തൊക്കെ വികാരങ്ങളോടെയാണ് ഇവിടത്തെ ഓരോ മുക്കിലും മൂലയിലും ഞാൻ നടന്നിരുന്നത് എന്ന് കാലം ചെല്ലുന്തോറും കൂടുതൽ കൂടുതൽ വികാരവായ്പ്പോടെ ഓർത്തെടുക്കാൻ ആവുന്നുണ്ട്.
കെ.പി.ഗോപാലൻ,രാജൻമാഷ്, രാമചന്ദ്രൻ മാഷ്, സുകുമാരൻ, എ.വി.പവിത്രൻ, ദാമോദരൻ കുളപ്പുറം എന്നിങ്ങനെ പാറപ്പുറത്തെ എൻ്റെ നടത്തങ്ങൾക്ക് ഓരോരോ കാലത്ത് ഓരോരുത്തരായിരുന്നു കൂട്ട്. അവർക്കെല്ലാം മുമ്പ് സ്കൂളിൽ സഹപാഠിയും വെങ്ങര കസ്തൂർബാ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള സഹനടത്തക്കാരനുമായ കൃഷ്ണനും. സ്ത്രീവിമോചനത്തെ കുറിച്ചൊക്കെ കേരളം കേട്ടു തുടങ്ങുന്നതിനു മുമ്പ് മാടായിപ്പാറപ്പുറത്തൂടെ ഏത് നേരത്തും ഒറ്റയ്ക്ക് ധൈര്യസമേതം നടന്നിരുന്ന ഭാരതീദേവിയാണ് മറ്റൊരാൾ. ഒമാൻ റേഡിയോവിൽ ജോലി ചെയ്തിരുന്ന ഭാരതീദേവി വളരെ മുമ്പേ ദേശാഭിമാനി വാരികയിലും മറ്റും ചെറുകഥകൾ എഴുതിയിരുന്നു. ഭാരതീദേവിയുടെ പല കഥകളിലും മാടായിപ്പാറയും ഒരു പ്രധാന കഥാപാത്രമാണ്.
മാടായിപ്പാറയിലെ ഏറ്റവും ആകർഷകമായ ജൈവസാന്നിധ്യം ഇറ്റിറ്റിപ്പുള്ള് എന്ന പക്ഷിയാണ്. കുട്ടിക്കാലം മുതൽ എനിക്ക് ആത്മബന്ധം തോന്നിയ പക്ഷിയാണിത്. ഇറ്റിറ്റീ, ഇറ്റിറ്റീ എന്നു കരഞ്ഞുവിളിച്ച് ചെറിയ ദൂരത്തിൽ മാത്രം പറന്നുനടന്ന് വിറച്ചുവിറച്ചു നിൽക്കുന്ന പക്ഷി. മഴക്കാലത്ത് ആകാശം മൂടിക്കിടക്കുന്ന നേരങ്ങളിൽ പാറപ്പുറത്തൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ഈ പക്ഷിയുടെ കരച്ചിൽ കേട്ട് എൻ്റെ ഉള്ള് വെന്തിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഒരു ബ്ളോഗ് തുടങ്ങണമെന്ന് തോന്നിയപ്പോൾ അതിന് എന്ത് പേരിടണമെന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇറ്റിറ്റിപ്പുള്ള് എന്ന ഒരേയൊരു പേര് മാത്രമേ മനസ്സിലേക്ക് വന്നുള്ളൂ.
ഇറ്റിറ്റിപ്പുള്ള്
അറിവ് ആനന്ദത്തിന്റെ എതിരാളിയാണെന്നത് പാടേ തെറ്റായ ഒരു കാല്പനിക ധാരണയാണ്. മാടായി പാറപ്പുറത്ത് മുന്നൂറിൽ പരം വ്യത്യസ്ത ചെടികളും മുപ്പത് തരം പുല്ലും നൂറ്റിപ്പതിനേഴ് ഇനം പൂമ്പാറ്റകളും നൂറ്റമ്പതോളം സ്പീഷീസിലുള്ള പക്ഷികളും ഉണ്ടെന്നതിനെ കുറിച്ച് കേട്ടറിവ് പോലും ഇല്ലാതിരുന്ന കാലത്താണ് ഈ പ്രദേശത്തുകാരായ എല്ലാവരെയും പോലെ ഞാനും മാടായിപ്പാറയെ സ്നേഹിച്ചത്. പാറയെ കുറിച്ച് പിൽക്കാലത്ത് ശാസ്ത്രകാരന്മാരും ഗവേഷകരും പരിസ്ഥിതി പ്രണയികളും നൽകിയ വിവരങ്ങൾ ഞങ്ങളുടെയെല്ലാം സ്നേഹത്തെ കൂടുതൽ ഗഹനവും സാന്ദ്രവുമാക്കുക തന്നെയാണ് ചെയ്തത്. വമ്പിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പാറപ്പുറത്തിന് വികസനത്തിൻ്റെ പേരിലായാലും വിനോദസഞ്ചാരത്തിന്റെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും ഇനിയെങ്കിലും ചെറിയ അളവിൽ പോലും നഷ്ടം സംഭവിച്ചു കൂടാത്തതാണ് എന്നത് ഇന്നാട്ടുകാരുടെ ഒരു പൊതുവികാരമാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി എരിപുരത്തേക്കുള്ള എൻ്റെ യാത്രകളുടെ എണ്ണം നന്നേ കുറഞ്ഞു.പണ്ട് നടന്നിരുന്ന വഴികളെല്ലാം മിക്കവാറും വിദൂരമായ ഓർമയുടെ ഭാഗമായി. അങ്ങനെയിരിക്കെയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് വായനക്കാരനെന്ന നിലക്ക് ഞാനുമായി പരിചയപ്പെട്ട് വളരെ വേഗം അടുത്ത സുഹൃത്തുക്കളിലൊരാളായിത്തീർന്ന രാമപുരത്തുകാരനായ രാജേഷ് തന്റെ ബൈക്കിൽ പഴയ വഴികളിലൂടെയെല്ലാം എന്നെ കൊണ്ടുപോയത്. ആ ബൈക്ക് യാത്രകളുടെ ഓരോ നിമിഷവും പിൻസീറ്റിലിരുന്ന് ഞാൻ സഞ്ചരിച്ചത് നാലും അഞ്ചും ദശകങ്ങൾക്ക് പിന്നിലേക്കാണ്. ഓർമയുടെ വഴിയിലൂടെയുള്ള ആ ദീർഘ സഞ്ചാരത്തിൽ എന്റെ വ്യക്തിഗതാനുഭവങ്ങളോടൊപ്പം ഈ പ്രദേശത്തിന്റെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെടുന്ന അനേകം വസ്തുതകളെ കൂടിയാണ് ഞാൻ മുഖാമുഖം കണ്ടത്.
എരിപുരത്തെ ടി. ബി
താഴെ എരിപുരത്തു നിന്ന് വെങ്ങര-മുട്ടം ഭാഗത്തേക്കുള്ള റോഡ് മാടായിപ്പാറയിലേക്ക് കയറുന്നിടത്ത് കാണുന്ന ട്രാവലേഴ്സ് ബംഗ്ലാവ് എഴുത്തുകാരുടെയും സഞ്ചാരികളുടെയും ഇഷ്ട താവളമാണ്. 1793 ലാണ് ടി.ബി പണി കഴിപ്പിച്ചതെന്ന് വായിച്ചറിഞ്ഞിട്ടുൺ്.ഗുണ്ടർട്ട് തന്റെ നിഘണ്ടു നിർമാണ കാലത്ത് ഇവിടെ വന്നു താമസിച്ചിരുന്നു എന്ന വിവരവും ഇൗയിടെ നെറ്റിലെ ഒരു യാത്രാക്കുറിപ്പിൽ കണ്ടു. പലപ്പോഴായി ഒരു പാട് അറ്റകുറ്റപ്പണികൾ നടത്തിയാവും ട്രാവലേഴ്സ് ബംഗ്ളാവ് കാലത്തെ അതിജീവിച്ച് ഇത്രയും വരെ എത്തിയത്. ഈ കെട്ടിടം എന്നെ സംബന്ധിച്ചിടത്തോളം നാടകവുമായി ബന്ധപ്പെട്ട ഓർമകളുടെ പഴയൊരു താവളമാണ്. ഇബ്രാഹിം വെങ്ങര 1971 ൽ എന്റെ ശിബിരം എന്ന നാടകത്തിന്റെ സംവിധാനം നിർവഹിച്ചതും റിഹേഴ്സൽ നടത്തിയതും ഇവിടെ വെച്ചാണ്. കെ.പി.ഗോപാലൻ, സി.വി.കുഞ്ഞിരാമൻ മാഷ്, എം.ദാമോദരൻ എന്നിവർ അതിൽ അഭിനയിച്ചിരുന്നു. ബി.പി.കേശവൻ മാഷായിരുന്നു മെയ്ക്കപ് മാൻ. പിന്നീട് ഇബ്രാഹിമിന്റെ തന്നെ ചില നാടകങ്ങളുടെ മുന്നൊരുക്കങ്ങൾ നടന്നതും ഇവിടെ വെച്ചാണ്. ടി.ബിയിലേക്ക് ഞാൻ ആദ്യമായി പോയത് നാടക റിഹേഴ്സലിനല്ല.1970-71 കാലത്ത് എരിപുരം പബ്ലിക് ലൈബ്രറിയുടെ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കാനായി ഒരു ദിവസം രാവിലെ എത്തിച്ചേർന്ന ചെറുകാട് ഇവിടെയാണ് വിശ്രമിച്ചത്. അന്ന് ഞാനും കെ.പി.ഗോപാലനും അദ്ദേഹത്തെ ചെന്നു കണ്ട് ഒരു പാട് നേരം സംസാരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് പുനത്തിൽ കുഞ്ഞബ്ദുള്ള പ്രത്യേകിച്ചൊരു പരിപാടിയുമില്ലാതെ വെറുതെ ഒരു രസത്തിന് താഹാ മാടായിയോടൊപ്പം ടി.ബിയിലേക്ക് വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു. ഇൗ പഴയ മുസാവരി ബംഗ്ളാവിലേക്കുള്ള എന്റെ വരവ് എന്നും കലയും സാഹിത്യവുമായി ബന്ധപ്പെട്ടാണല്ലോ എന്ന് അന്ന് ഞാൻ ഓർമ്മിപ്പിച്ചിരുന്നു. പക്ഷേ എന്തു കൊണ്ടാണെന്നറിയില്ല ടി.ബിയുമായുള്ള എന്റെ അടുപ്പത്തിന് ഇന്നേവരെയായും വലിയൊരു വൈകാരിക ബന്ധത്തിന്റെ സ്വഭാവം വന്നു ചേർന്നില്ല. ടി.ബിയുടെ പിന്നിൽ ഇത്തിരി അകലെയായി കാണുന്ന പാറക്കുളമാകട്ടെ ഓർക്കുന്ന മാത്രയിൽ തന്നെ അവ്യാഖ്യേയമായ അനേകം അനുഭൂതികൾക്കൊപ്പമാണ് ഉള്ളിൽ വന്ന് പരന്നു നിറയുക.
ഒരു പുസ്തക മോഷണവും അന്വേഷണവും
എരിപുരം പബ്ലിക് ലൈബ്രറിയിലെ ഒന്നാം നമ്പർ മെമ്പറാണ് ഞാൻ. 1966-67 കാലത്ത് മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരുമൊക്കെ ചേർന്നാണ് ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ ശേഖരിച്ചത്. അതിന് നേതൃത്വം നൽകിയത് കെ.വി.ബാലൻമാഷാണ്. വി.എൻ.എരിപുരം, കെ.രവീന്ദ്രൻ (പയ്യന്നൂർ കോളേജിൽ പ്രിൻസിപ്പലായി വിരമിച്ച രവീന്ദൻ മാഷ്), അദ്ദേഹത്തിന്റെ സഹോദരന്മാരും എന്റെ അടുത്ത സുഹൃത്തുക്കളുമായ കെ.ശശിധരൻ, രാജൻ, പത്രപ്രവർത്തകനായ അടുത്തിലയിലെ കൃഷ്ണൻ, അന്തരിച്ച രാജൻമാഷ്, അദ്ദേഹത്തിന്റെ അനിയൻ വേണു അങ്ങനെ ഒരുപാട് പേർ ആ സംരഭത്തിൽ സഹകരിച്ചിരുന്നു. ലൈബ്രറിയുടെ ആദ്യത്തെ വാർഷികസമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്ക് നടന്ന അവിചാരിതമായ തിരഞ്ഞെടുപ്പിൽ പക്ഷേ വി.എൻ എരിപുരം ഉൾപ്പെടെയുള്ള കോൺഗ്രസ്സുകാരെല്ലാം തഴയപ്പെട്ടു. വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായാണ് സമ്മേളനം അവസാനിച്ചത്. പിന്നെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലൈബ്രറിയിൽ ആകെ ഉണ്ടായിരുന്ന പത്തിരുന്നൂറ് പുസ്തകങ്ങളിൽ ഒട്ടുമുക്കാലും അപ്രത്യക്ഷമായി. മോഷ്ടിക്കപ്പെട്ട പുസ്തകങ്ങൾ മാടായി പാറപ്പുറത്തു കൊണ്ടുപോയി കത്തിച്ചെന്നും ചാക്കിൽ കെട്ടി വടുകുന്ദപ്പുഴയിൽ കൊണ്ടു പോയി എറിഞ്ഞു എന്നുമൊക്കെ സംസാരമുണ്ടായി. മോഷ്ടാക്കളാരെന്നതിനെ പറ്റിയും പല ഉൗഹാപോഹങ്ങളുമുണ്ടായി. എന്തായാലും പുസ്തകമോഷണത്തെ പറ്റി അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയുണ്ടായി.എന്ത് വകുപ്പനുസരിച്ചാണെന്ന് ഇപ്പോഴും എനിക്കറിയില്ല.എരിപുരത്ത് ചെരിപ്പ് കച്ചവടം നടത്തിയിരുന്ന മൊയ്തുവും ഞാനും കമ്മിറ്റിക്കകത്തെ പ്രത്യേക കമ്മിറ്റിയായി. ഞങ്ങൾ പ്രത്യേകമായ ഒരു അന്വേഷണ റിപ്പോർട്ടും പ്രവർത്തക സമിതിക്കു മുമ്പാകെ വെച്ചു. റിപ്പോർട്ട് എങ്ങനെ ഗംഭീരമാക്കാം എന്നതിനെ പറ്റി ഞാനും മൊയ്തുവും എത്രയോ മണിക്കൂറുകൾ തല പുകഞ്ഞാലോചിച്ചിരുന്നു. ഒരു പാട് ദിവസം മൊയ്തുവിന്റെ ചെരിപ്പുപീടികയിലിരുന്ന് വെട്ടിയും തിരുത്തിയും തയ്യാറാക്കിയ റിപ്പോർട്ടിലെ ആദ്യവാചകങ്ങൾ ഏതാണ്ട് ഇങ്ങനെയായിരുന്നു:”അർധ രാത്രി.കൂരാക്കൂരിരുട്ട്. ഭയങ്കരമായ നിശ്ശബ്ദത. അതാ മൂന്ന് തസ്കരന്മാർ എരിപുരം പബ്ലിക് ലൈബ്രറിയുടെ ഓട് നീക്കി അകത്തേക്കിറങ്ങുന്നു.’ഞങ്ങളുടെ റിപ്പോർട്ട് വെറും കഥയാണെന്ന് പറഞ്ഞ് കമ്മിറ്റി തള്ളി.
ദേശമിത്രം സാഹിത്യവേദി
എരിപുരം പബ്ലിക് ലൈബ്രറി നിലവിൽ വരുന്നതിനുമുമ്പ് ഇൗ പ്രദേശത്തെ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രം ദേശമിത്രം സാഹിത്യവേദിയായിരുന്നു. ദേശമിത്രം വാരികയും സുദർശനം എന്ന പത്രവും കോൺഗ്രസ്സുകാരുടേതായിരുന്നെങ്കിലും സാഹിത്യവേദിക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. സാഹിത്യം ശരിക്കും തലയ്ക്കു പിടിച്ച അഞ്ചുപത്ത് പേരാണ് സമിതിയുടെ പരിപാടികളെല്ലാം സംഘടിപ്പിച്ചിരുന്നത്. അഞ്ചാറ് മാസം കൂടുമ്പോൾ സംഘടിപ്പിച്ചിരുന്ന കവിസമ്മേളനത്തിൽ പങ്കെടുക്കാൻ ഇ.പി.ആർ.വേശാല, എം.പി.രാഘവൻ മുട്ടന്നൂര്, പി.എെ.ശങ്കരനാരായണൻ തുടങ്ങി ദേശമിത്രത്തിലെ എഴുത്തിലൂടെ കണ്ണൂർ, കാസർഗോഡ് പ്രദേശങ്ങളിലെ യുവ സാഹിത്യാസ്വാദകർക്കിടയിൽ അക്കാലത്ത് പൊതുവേ അറിയപ്പെട്ടിരുന്ന ചെറുപ്പക്കാരായ കവികളെല്ലാം എരിപുരത്തെത്തിയിരുന്നു. പരിയാരത്തു നിന്ന് എരിപുരത്തു വന്ന് ദക്ഷിൺഭാരത് ഹിന്ദി പ്രചാർ സഭയുടെ പരീക്ഷകൾക്ക് കുട്ടികളെ തയ്യാറെടുപ്പിച്ചിരുന്ന ഗോവിന്ദൻ മാഷുടെ ഹിന്ദി വിദ്യാലയത്തിൽ വെച്ച് ദേശമിത്രം സാഹിത്യകാരന്മാർ സൂക്ഷ്മമായ കവിതാവായനകളും ചർച്ചകളും നടത്തിയിരുന്നു. ചിലപ്പോൾ അത് ഉയർന്ന നിലവാരത്തിലുള്ള കവിതാക്ലാസ്സിന്റെ സ്വഭാവവും കൈക്കൊണ്ടിരുന്നു. എൻ.വി.പി ഉണിത്തിരി അത്തരമൊരു കവിതാക്ലാസ്സിൽ വയലാറിന്റെ രാവണപുത്രി എന്ന കവിതയെ പറ്റി സംസാരിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്.
ദേശമിത്രം സാഹിത്യവേദി എരിപുരത്ത് സംഘടിപ്പിച്ച അവസാനത്തെ ചർച്ച ജി.ശങ്കരക്കുറപ്പിന് ജ്ഞാനപീഠം കിട്ടിയപ്പോഴായിരുന്നു. അന്ന് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന പൂത്തേഴത്ത് രാമൻമേനോൻ മലയാളത്തിൽ ജ്ഞാനപീഠം നേടാൻ യോഗ്യരായ എഴുത്തുകാർ ആരുമില്ലെന്നും ഇവിടെ ഉള്ളവരൊക്കെ വെറും മുക്കണാഞ്ചി സാഹിത്യകാരന്മാരാണെന്നും പറഞ്ഞു. അത്യന്തം രോഷാകുലരായും വികാരാധീനരായുമായാണ് അന്ന് ചർച്ചയിൽ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പൂത്തേഴത്തിനെതിരെ സംസാരിച്ചത്.
ആർത്തിപിടിച്ച് സാഹിത്യം വായിക്കുന്നവരായി അഞ്ചാറ് പേർ അന്ന് എരിപുരത്തുണ്ടായിരുന്നു. അവരെല്ലാം നിത്യവും വെങ്ങരയിലെ കസ്തൂർബാ സ്മാരക ഗ്രന്ഥാലയത്തിലേക്ക് പോയിരുന്നത് എന്തൊരാവേശത്തോടെയായിരുന്നെന്ന് പറഞ്ഞറിയിക്കാനാവില്ല. അക്കാലത്ത് നാട്ടിലെ ഏറ്റവും നല്ല വായനക്കാരൻ ടി.ടി.സി കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കയായിരുന്ന കുഞ്ഞിക്കണ്ണനായിരുന്നു. നല്ലൊരു രേഖാചിത്രകാരൻ കൂടിയായിരുന്നു കുഞ്ഞിക്കണ്ണൻ. ദേശമിത്രം സാഹിത്യവേദി പുറത്തിറക്കിയിരുന്ന കയ്യെഴുത്തു മാസികയിലെ വരയും കയ്യെഴുത്തും അയാളുടേതായിരുന്നു. നാട്ടിലെ മറ്റെല്ലാവരുടേതിൽ നിന്നും വ്യത്യസ്തവും ഉയർന്നതുമായിരുന്നു കുഞ്ഞിക്കണ്ണന്റെ സെൻസിബിലിറ്റി. കഷ്ടിച്ച് പത്തൊമ്പതു വയസ്സുള്ളപ്പോൾ ആ സുഹത്ത് നാടുവിട്ടുപോയതാണ്. പിന്നെ ഇന്നേവരെ ഒരു വിവരവുമില്ല.
എരിപുരത്ത് ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേകം ഹൈസ്കൂളും ഹയർസെക്കന്ററി സ്കൂളുമൊക്കെയായി വളർന്ന പഴയ മാടായി ഹൈസ്കൂൾ മാട്ടൂൽ മുതൽ മാതമംഗലം വരെയുള്ള പ്രദേശത്തെ കുട്ടികൾ വന്നു പഠിച്ചിരുന്ന സ്കൂളാണ്. എട്ടും പത്തും കിലോമീറ്റർ നടന്നാണ് പലരും സ്കൂളിലെത്തിയിരുന്നത്.സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിഞ്ഞ് വെള്ളം കുടിക്കാനും കൈകഴുകാനുമുള്ള സൗകര്യമില്ലാതിരുന്നതു കൊണ്ട് പലരും എന്റെ വീടിന്റെ കോലായിൽ വന്നിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അങ്ങനെ ഭക്ഷണം കഴിക്കാനെത്തിയിരുന്നവരിൽ ഒരാളാണ് ഇപ്പോൾ ഇൻഡ്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെയും മലയാളത്തിലെയും പ്രശസ്ത നികരൂപകനും കവിയുമായ ഇ.വി.രാമകൃഷ്ണൻ.
മാടായി ഹൈസ്കൂളിൽ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു സ്കൂൾ ലീഡർ. അന്നൊക്കെ സ്കൂൾ യുവജനോത്സവവും വാർഷികവും വിവിധ കലാപരിപാടികളോടെ ഗംഭീരമായി കൊണ്ടടപ്പെട്ടിരുന്നു. വളരെ സുന്ദരിയായ ഒരു സംഗീതാധ്യാപിക പാർവതിയായും അരോഗദൃഢഗാത്രനായ ഒരധ്യാപകൻ ശിവനുമായി അഭിനയിച്ച നൃത്തസംഗീതനാടകത്തിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ചതും നാട്ടുകാരുൾപ്പെടെയുള്ള കാണികൾ ആവേശപൂർവം ആഴ്ചകളോളം ചർച്ച ചെയ്തതുമായ ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിലെയും ചില ദൃശ്യങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
മാടായിപ്പള്ളിയും പഴയങ്ങാടിയും
മക്കത്തെ പള്ളിക്ക് ഒപ്പിച്ച മലനാട്ടിലെ പള്ളിയാണ് മാടായിപ്പള്ളി.ഇൗ പള്ളിയിൽ നിന്ന് കഷ്ടിച്ചൊരു നൂറ് മീറ്റർ അപ്പുറത്തായി ചെറിയ ഒരു പീടികയിൽ എന്റെ അച്ഛൻ തുണിക്കച്ചവടം നടത്തിയിരുന്നു.ഞാൻ എൽ.പി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ദിവസവും വൈകുന്നേരം സ്കൂൾ വിട്ടാൽ പുസ്തകം വീട്ടിൽ കൊൺുപോയി വെച്ച് നേരെ അച്ഛന്റെ പീടികയിലേക്ക് പോകും.വീട്ടിലേക്കുള്ള അത്യാവശ്യം ചില പല ചരക്ക് സാധനങ്ങളുമായി സന്ധ്യയോടെയാണ് തിരിച്ചുവരിക.കോട്ടക്കുന്ന് എന്നു പറയുന്ന മാടായിക്കുന്ന് കയറിയാവും പലപ്പോഴും മടക്കം.ഇൗ കുന്ന് കയറുമ്പോൾ കണ്ണിൽ പെടുന്ന വിശാലമായ താഴ്വര മുഴുവൻ മീശാൻ കല്ലുകളാണ്.നൂറ്റാൺുകൾക്കു മുമ്പേ ഇസ്ലാം മതം വേരുപിടിച്ച പഴയങ്ങാടിയിലെ പള്ളി ഹിജ്റ വർഷം 518(എ.ഡി.1124)ൽ നിർമിക്കപ്പെട്ടതാണ്.മാലിക് ദീനാർ അറേബ്യയിൽ നിന്നു കൊൺു വന്ന മൂന്ന് മാർബിൾ പലകകളിലൊന്നാണ് മാടായി പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.പുരാതന കാലം മുതൽക്കേ വടക്കൻ കേരളത്തിന്റെ ജീവിതത്തിൽ പഴയങ്ങാടി മുസ്ലീങ്ങൾക്കുൺായിരുന്ന സമുന്നതമായ സ്ഥാനത്തിന് തെളിവാണ് തെയ്യത്തിന്റെ വാചാലിലെ “എന്റെ മാടായി നഗരേ’ എന്ന പ്രയോഗം.മാപ്പിളമാരെ ഉദ്ദേശിച്ചുളളതാണ് ആ പ്രയോഗം.
പഴയങ്ങാടിപ്പുഴക്ക് പാലം വരുന്നതിനു മുമ്പ് അങ്ങാടിയിലെ കടവ് സദാസമയവും ആൾത്തിരക്കുള്ളതായിരുന്നു. ചെത്തുകല്ല്, മരം,മലഞ്ചരക്ക്,വാഴക്കുലകൾ തുടങ്ങിയവുമായി വരുന്ന മഞ്ചു എന്നറിയപ്പെട്ടിരുന്ന വലിയ ജലവാഹനങ്ങൾ,അങ്ങാടിയിൽ നിന്ന് പട്ടുവത്തേക്കും അതിനപ്പുറത്തേക്കുമെല്ലാം അരിസാമനങ്ങൾ കയറ്റിപ്പോവുന്ന തോണികൾ,പറശ്ശിനിക്കടവിൽ നിന്ന് വരുന്ന യാത്രാബോട്ടുകൾ,വലിയ ചങ്ങാടങ്ങൾ,ചെറുതും വലുതുമായ കടത്തുതോണികൾ.തൂക്കി നടക്കുന്ന ചെറിയ കരിയടുപ്പിൽ ചായയും “തരി'(റവപ്പായസം)യുമൊക്കയായി വട്ടം ചുറ്റുന്ന കച്ചവടക്കാർ.എല്ലാം കൂടി കടവും പരിസരവും രാവിലെ മുതൽ നേരമിരുളും വരം വളരെ സജീവമായിരിക്കും.ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന തോണിക്കാർ ചരക്കിറക്കിക്കഴിഞ്ഞ് മഞ്ചുവിനകത്ത് ആഹാരം പാകം ചെയ്യുമ്പോൾ അതിന്റെ മേൽക്കൂരക്കുമേൽ പുക പടരുന്നതിന്റെ കാഴ്ച ഉള്ളിലുണർത്തിയിരുന്ന അവാച്യമായ ആനന്ദം ഇപ്പോഴും ഇടയ്ക്കെല്ലാം ഒാർമയിൽ അനുഭവിക്കാറുൺ് ഞാൻ.
മാടായി ഹൈസ്ക്കൂളിലെ എന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ പഴയങ്ങാടിക്കാരായിരുന്നു.ഇസ്മയിൽ ഇൗസ,ഷെരീഫ്,ദറാർ തുടങ്ങിയ ആ പഴയ ചങ്ങാതിമാരിൽ ഒട്ടുമിക്ക പേരെയും സ്കൂൾ കാലത്തിനു ശേഷം കൺിട്ടേയില്ല.
മുഴുമിപ്പിക്കാതെ
എരിപുരത്തെ കുറിച്ചുള്ള ഈ ലേഖനം ഇങ്ങനെ എത്ര എഴുതിപ്പോയാലും എനിക്ക് മതിവരില്ല. സ്വന്തം നാടിനെ കുട്ടിക്കാലത്തോട് ചേർത്തുവെച്ചാണ് ഞാൻ എഴുതുന്നത് എന്നതു തന്നെയാണ് കാരണം. എൻ്റെ ഓർമയിൽ ഈ പ്രദേശവുമായി ബന്ധപ്പെട്ട് തങ്ങി നിൽക്കുന്ന ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും എന്നെ സംബന്ധിച്ചിടത്തോളം തികച്ചും പ്രധാനപ്പെട്ടതും അതീവ സുന്ദരവുമാണ്. അത്തരം കാര്യങ്ങളിൽ പലതും തൽക്കാലത്തേക്കെങ്കിലും എഴുത്തായി രൂപപ്പെടാത്തതാണ് നല്ലതെന്നു തോന്നുന്നു. ക്ഷാമം മുറുകുമ്പോൾ വിത്തെടുത്ത് കുത്തിത്തിന്നുന്ന പഴയ കാലത്തെ കൃഷിക്കാർ അനുഭവിച്ചിട്ടുണ്ടാകാവുന്നതുപോലുള്ള അരക്ഷിതത്വബോധം ഇപ്പോൾ എന്നെ പിടി കൂടുന്നുണ്ട്.
മാടായി എൽ.പി.സ്കൂൾ അതിന്റെ 61 ാം വാർഷികം (2010-11) ആഘോഷിച്ചപ്പോൾ പുറത്തിറക്കിയ സ്മരണികയിൽ ഞാൻ നന്നേ ചെറിയ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. വലിയ ഒരു ലേഖനം എഴുതണം എന്നുവെച്ചു തന്നെയാണ് തുടങ്ങിയത്.പക്ഷേ, എത്ര തയ്യാറെടുത്തിട്ടും എന്തുകൊണേ്ടാ ഏതാനും വാക്യങ്ങൾക്കപ്പുറം എഴുത്ത് മുന്നോട്ടു പോയില്ല.പിന്നീട് ഒരു കവിത കൂട്ടിച്ചേർത്ത് പൂർത്തിയാക്കിയ ആ കുറിപ്പ് സ്മരണികയിൽ പ്രസിദ്ധീകരിച്ച രൂപത്തിൽ പകർത്തിവെച്ച് ഇൗ ലേഖനം അവസാനിപ്പിക്കാം:
“അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് “മാടായി എൽ.പി.സ്കൂളി’ലെ എൻ്റെ ആദ്യദിവസങ്ങൾക്ക്. മനസ്സ് കൂടെക്കൂടെ ചെന്നെത്തുന്ന ക്ലാസ് മുറികൾക്കും സ്കൂളിൻ്റെ ചുറ്റുപാടുകൾക്കും ആ കാലക്കണക്ക് ബാധകമല്ല.”എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ’എന്ന പ്രയോഗം ലോകത്തിലെ എല്ലാ ഭാഷകളിലും പണ്ടുപണ്ടേ ഇടം നേടിയിരിക്കാം. മാസങ്ങളോളം സ്കൂളിന്റെ മുന്നിലൂടെ ഒഴുകിപ്പോവുന്ന നീർച്ചാലിൽ ഇടക്കിടെ വന്നെത്തുന്ന നൊയിച്ചങ്ങകൾ, പിന്നിലെ കുറ്റിക്കാട്ടിൽ “അതാ, അതാ!’ എന്ന് ഞങ്ങൾ അത്ഭുതം കൊള്ളുമ്പോഴേക്കും ഒാടി മറയുന്ന മുയലുകൾ, മാടായി പാറപ്പുറത്ത് ഒാരോ ആൺകുട്ടിയും കല്ലുകൊണ്ട് കുത്തിക്കുത്തി വരഞ്ഞുണ്ടാക്കുന്ന സ്വന്തം മൂത്രച്ചാൽ, പാറമുള്ള്, പാറക്കുളം, ഇറ്റിറ്റീ, ഇറ്റിറ്റീ എന്ന് കരഞ്ഞ് ഇത്തിരിയിത്തിരിയകലേക്ക് പറന്നകലുന്ന ഇറ്റിറ്റിപ്പുള്ളുകൾ, “നിറന്ന പീലികൾ നിരക്കവേ കുത്തി’ എന്നു തുടങ്ങുന്ന നാല് വരി മാത്രം എത്രയോ ദിവസങ്ങൾ ക്ലാസ്സിൽ വിവരിക്കുകയും ഓരോ ദിവസവും ആ വരികളിൽ നിന്ന് പുതിയ അർത്ഥങ്ങളും അനുഭൂതികളും ഖനനം ചെയ്തെടുക്കുകയും ചെയ്യുന്ന സി.സി.കുഞ്ഞിക്കണ്ണൻ മാഷ്, എസ്.കെ.മാഷ്, കുമാരൻ മാഷ്, കേളുമാഷ്,കോട്ടോളി കണ്ണൻ മാഷ്,കാർത്ത്യായനി ടീച്ചർ, എന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന സുരേശൻ, പപ്പൻ, രാമപുരത്തെ സുകുമാരൻ, പെൺകുട്ടികളുടെ ബെഞ്ചിൽ വിജയ, ഖദീജ, വിലാസിനി…ആരും ഒന്നും ഒാർമയുടെ ആഴത്തിൽ വീണ് പോവുന്നില്ല.ഇൗ കുറിപ്പ് യഥാർത്ഥത്തിൽ അവസാനിക്കുന്നില്ല.”
നാട്ടോർമകളുടെ നനവ്
എന്റെ ബാല്യത്തിന് തുണ നിന്നത് രണ്ട് കാവുകളാണ്.പറശ്ശിനി മടപ്പുരയും മാടായിക്കാവും. അഞ്ച് വയസ്സാവുന്നതിനു മുമ്പേ മടപ്പുരയും പരിസരങ്ങളുമായുള്ള നിത്യസഹവാസം അവസാനിച്ചു. പിന്നെ എത്തിച്ചേർന്നത് മാടായിക്കാവിന് സമീപത്താണ്. ഉത്തരകേരളത്തിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് മാടായിക്കാവ്..സവർണക്ഷേത്രമാണെങ്കിലും അവർണരുടെ കാവുകളിലെ കോഴിയറവ്,തെയ്യം,കലശം,കളിയാട്ട ദിവസം ദേവിക്ക് അചാരപൂർവം മദ്യകുംഭം നിവേദിക്കൽ ഇവയൊക്കെ പണ്ടു പണേ്ട മാടായിക്കാവിലുണ്ട്. കാവിലെ പൂജാരികളായ പിടാരന്മാർ എന്നറിയപ്പെടുന്ന ബ്രാഹ്മണർക്ക് മീനും മദ്യവും മാംസവും നിഷിദ്ധവുമല്ല. ഒരിക്കൽ കോലത്തുനാട് വാണിരുന്ന കോലത്തിരിമാരുടെ കുലദേവതയാണ് മാടായിക്കാവിലച്ചി എന്ന് ഭക്തജനങ്ങൾ പ്രാർത്ഥനാപൂർവം പറയുന്ന തിരുവർകാട്ട് ഭഗവതി.കാവിലേക്കുള്ള പ്രധാനവഴിയുടെ തുടക്കത്തിലായിരുന്നു ഞങ്ങളുടെ വീട്.പഴയ വീട് പൊളിച്ചുകളഞ്ഞ് പുതുതായി എടുത്ത വീട്ടിൽ എന്റെ സഹോദരി പ്രകാശിനിയും ഭർത്താവും താമസിക്കുന്നു.പ്രഭാലയം എന്ന പഴയ വീട്ടുപേര് ഇപ്പോഴും അങ്ങനെ തന്ന നിലനിർത്തിയിട്ടുണ്ട്. എല്ലാ മക്കളുടെയും പേര് പ്ര എന്ന അക്ഷരത്തിൽ തുടങ്ങണമെന്ന് എന്റെ അച്ഛനമ്മമാർക്ക് എന്തുകൊണ്ടാണ് തോന്നിയത് എന്നറിയില്ല. പ്രകാശിനി, പ്രസന്ന, പ്രസൂന എന്നിങ്ങനെയാണ് എന്റെ സഹോദരിമാരുടെ പേരുകൾ. പതിനെട്ട് വർഷം മുമ്പ് ജീവൻ വെടിഞ്ഞ സഹോദരന്റെ പേര് പ്രദീപൻ എന്നും.
ഞാൻ മാടായിക്കാവിലേക്ക് മടങ്ങിവരാം. പ്രസിദ്ധമായ മാടായിക്കാവിന് പുറമെ വീട്ടിനു തൊട്ടുമുന്നിലായി മറ്റൊരു കാവ് കൂടിയുൺ്. ചാലിക്കാവ്. ഇൗ കാവിനു പിന്നിലും വശങ്ങളിലുമായി സാമാന്യം വലിയൊരു കാടുായിരുന്നു പണ്ട്. ഇപ്പോൾ ആ കാട് നന്നേ ചുരുങ്ങി കാടെന്ന് പറയാനേ പറ്റാത്ത വിധം ചെറുതായി.
ചാലിക്കാവിലെ ഉത്സവത്തിന് നിശ്ചിത തിയ്യതി ഇല്ല.സാധാരണയായി മെയ് മാസം പകുതിക്ക് മുമ്പ് ഉത്സവം കഴിയും. മാടായിക്കാവിലെ പൂജാരികളായ പിടാരന്മാരുടെ സ്വന്തം ക്ഷേത്രമാണിത്.ചാലിൽ ഭഗവതിയാണ് ഇവിടെ കെട്ടിയാടിക്കപ്പെടുന്ന തെയ്യങ്ങളിൽ പ്രധാനപ്പെട്ടത്. പിടാരന്മാരുടെ സ്വകാര്യകാവ് പോലെ ആയതുകൊണ്ട് പൊതുവേ മറ്റുള്ളവരൊന്നും ഇവിടെ തെയ്യം കാണാൻ പോവില്ല. എന്നാലും ചാലിക്കാവിലെ ഉത്സവത്തിന്റെ ചെണ്ടകൊട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്ത് വലിയ ഉത്സാഹമായിരുന്നു എനിക്ക്.
ചാലിക്കാവിനോടു ചേർന്നുള്ള കാടിനെ ചാലിക്കാട് എന്നാണ് പറഞ്ഞിരുന്നത്.വലിയ വള്ളിക്കെട്ടുകളും നാനാതരം കാട്ടുമരങ്ങളും അഞ്ചാറ് മാസക്കാലം കാടിനു നടുവിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിക്കൊൺിരിക്കുന്ന വലിയ തോടും എല്ലാം ചേർന്നുള്ള ഒരു കൊച്ചുകാട് തന്നെയായിരുന്നു ചാലിക്കാട്.ഇപ്പോൾ ചാലിക്കാവിനോടു ചേർന്നുള്ള ഇത്തിരി സ്ഥലത്ത് വലിയ ഒരു മരവും ഏതാനും ചെറുമരങ്ങളും അവശേഷിക്കുന്നു. മറ്റുള്ള മരങ്ങളും കുറ്റിക്കാടുകളുമെല്ലാം മുക്കാൽ പങ്കും ഇല്ലാതായിക്കഴിഞ്ഞു.
ചാലിക്കാട് നാമമാത്രമായിത്തീർന്നെങ്കിലും മാടായിക്കാവിനോട് ചേർന്ന് ഇപ്പോഴും ചെറിയൊരു കാടുണ്ട്. ഇൗ കാടിനെ കുറിച്ച് ‘ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങളി’ൽ ഇ.ഉണ്ണികൃഷ്ണൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഇന്ന് ഏറെക്കുറെ ക്ഷയിച്ചില്ലാതായിത്തുടങ്ങിയിരിക്കുന്ന ഇൗ കാവ് മാടായിപ്പാറയിൽ ആയിരം വർഷം മുമ്പ് തന്നെ നിലനിന്നിരുന്നുവത്രെ. പുണ്യവ, മരോട്ടി എന്നിവയാണ് കാവിലെ ഇപ്പോഴത്തെ പ്രധാന മരങ്ങൾ. കൂറ്റൻ പുല്ലാഞ്ഞിവള്ളികൾ ഇൗ കാവിന്റെ പ്രത്യേകതയാണ്. ഇലപൊഴിയും കാവുകളിലെ പ്രധാന അന്തേവാസിയായ പുല്ലാഞ്ഞിയുടെ കാണ്ഡത്തിൽ ധാരാളം ജലം സംഭരിച്ചുവെച്ചിട്ടുണ്ടാവും.പഴയ കാലത്തു നായാട്ടുകാർ കാട്ടിൽ വെള്ളം കിട്ടാതെ വരുമ്പോൾ പുല്ലാഞ്ഞി കൊത്തി വെള്ളം കുടിക്കുമായിരുന്നുവത്രെ.”
മാടായിക്കാവിനോട് ചേർന്നുള്ള കാട്ടിലും അതിലും എത്രയോ ഏറെ ചാലിക്കാട്ടിലുമായാണ് ഞാൻ പത്താം ക്ലാസ് പിന്നിടും വരെയുള്ള കാലത്തെ ഒഴിവുസമയത്തിൽ ഏറെയും ചെലവഴിച്ചത്.
മാടായിക്കാവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നാട്ടാചാരങ്ങളും വിശ്വാസങ്ങളും ചടങ്ങുകളും പലതുണ്ട്. കുട്ടിക്കാലത്തൊന്നും ഇവ ഏതെങ്കിലും പഠന വിഷയത്തിന്റെ പരിധിയിൽ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. പിന്നീട് സി.എം.എസ് ചന്തേരയുടെ ചില പുസ്തകങ്ങൾ വായിക്കുകയും 1975ൽ ഒരു ദിവസം ചിറയ്ക്കൽ ടി.ബാലകൃഷ്ണൻ നായരെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നുകണ്ട് ദീർഘനേരം സംസാരിക്കുകയും ചെയ്തിൽ പിന്നെയാണ് എന്റെ നാട് ഉത്തരകേരളത്തിലെ നാടൻ കലകളുടെയും നാട്ടറിവുകളുടെയും മറ്റും പ്രധാനപ്രഭവ കേന്ദ്രമാണെന്നും ഇവയെല്ലാം പ്രത്യേകമായ പഠനം അർഹിക്കുന്നുണെ്ടന്നുമുള്ള കാര്യം ഞാൻ മനസ്സിലാക്കിയത്. ഇപ്പോഴിതാ മാടായിക്കാവിൽ സർക്കാർ തന്നെ ഒരു ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്നു. ഫോക് ലോർ ഒരു പഠന വിഷയമായി രൂപപ്പെടുംമുമ്പ് ഇൗ മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ചന്തേരക്കും ചിറയ്ക്കൽ ടി ക്കും പല കാരണങ്ങളാൽ അവർ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല.
കോഴിയറവിന് എതിരെ
കളത്തിലരി, പൂരം, കലശം എന്നിവയാണ് മാടായിക്കാവിലെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ടവ, നിറ, പുത്തരി, വിഷു എന്നിവയും കാവുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവിടെ ആഘോഷിച്ചുവരുന്നത്. വർഷത്തിൽ മൂന്ന് തവണ മാടായിക്കാവിൽ കളത്തിലരിയും പാട്ടും നടക്കുന്നതായി പിന്നീട് ഞാൻ വായിച്ചറിഞ്ഞെങ്കിലും (മാടായിക്കാവ് ഒരു പഠനം-എം.എസ്.നായർ) നവംബർ -ഡിസംബർ മാസങ്ങളിലായി മുപ്പത് ദിവസക്കാലം നടക്കുന്ന കളത്തിലരി മാത്രമേ എന്റെ ഒാർമയിലുള്ളൂ. ഇക്കാലത്ത് എല്ലാ ദിവസം സന്ധ്യക്ക് ഞങ്ങൾ കുട്ടികൾ ചുവന്ന പട്ടുകോണകവും മുട്ടുമറയാത്ത തോർത്തും മാത്രം ധരിച്ച് കാവിൽ പോകുമായിരുന്നു.നിറയെ ചെറിയ നെയ് വിളക്കുകൾ കത്തിച്ചുവെച്ച ചുറ്റമ്പലത്തിൽ നാന്ദകവാളുമായി മുന്നിൽ നടക്കുന്ന പിടാരരുടെ പിന്നാലെ ഭക്തിയുമായോ വിശ്വാസവുമായോ പ്രത്യേകിച്ചൊരു ബന്ധവുമില്ലാത്തതും എന്നാൽ ആനന്ദകരവുമായ ഏതോ ഒരു വികാരത്തോട നടന്നിരുന്നു എന്ന കാര്യം മാത്രമേ കളത്തിലരിയുമായി ബന്ധപ്പെട്ട് ഇപ്പോൾ എനിക്ക് ഒാർമയുള്ളൂ. ഏകദേശം അരനൂറ്റാണ്ടിനു മുമ്പുള്ള സംഗതിയാണ്.
പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂരേക്കുള്ള റോഡിൽ ഒരു കിലോമീറ്ററിലധികം പിന്നിട്ടാൽ മേലെ എരിപുരത്തെത്തും. ഇവിടംകഴിഞ്ഞുള്ള ഇറക്കത്തിലാണ് മാടായിക്കാവിലേക്കുള്ള പ്രധാന പ്രവേശന കവാടം. കാവിലേക്ക് ഇപ്പോഴുള്ള താറിട്ട റോഡിന്റെ സ്ഥാനത്ത് ചാലിക്കാടിനെ തൊട്ടുരുമ്മിപ്പോവുന്ന ചെറിയൊരു വഴിയാണുണ്ടായിരുന്നത്. ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്തായിരിക്കണം വേനലവധിക്കാലത്ത് തുടർച്ചയായി അഞ്ചാറു ദിവസം ആ വഴിയുടെ ഒാരത്തുള്ള ഒരു കാട്ടുമരത്തിന്റെ തണലിൽ ഉച്ചനേരത്ത് വൃത്തിയായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ പ്രത്യക്ഷപ്പെട്ടിരുന്നു. സാമാന്യം നല്ല വണ്ണവും ഉയരവുമുണ്ടായിരുന്നു അയാൾക്ക്.താൻ കണ്ണൂരിലുള്ള പ്രാണിദ്രോഹ നിവാരണസംഘം ഒാഫീസിൽ നിന്ന് വരുന്നതാണെന്നും മാടായിക്കാവിലെ കോഴിയറവ് തടയലാണ് ലക്ഷ്യമെന്നും അയാൾ എന്നോടും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞു. കോഴിയെയും കൊണ്ട് ആരെങ്കിലും കാവിലേക്ക് പോവുന്നതു കണ്ടാൽ തന്നെ അറിയിക്കണമെന്നും അയാൾ ഞങ്ങളെ ശട്ടം കെട്ടി. കോഴിയറവ് നിയമ വിരുദ്ധമാണെന്നും അത് തടയുക എന്നത് നമ്മുടെയെല്ലാം കടമയാണെന്നും അയാൾ ആവർത്തിച്ചു പറഞ്ഞപ്പോൾ ഞങ്ങൾക്ക് ശരിക്കും ഹരം പിടിച്ചു. അക്കാലത്ത് പല ഭക്തന്മാരും എല്ലാവരും കാൺകെത്തന്നെ കോഴിയെ തൂക്കിപ്പിടിച്ച് കാവിലേക്ക് വരുമായിരുന്നു.അങ്ങനെയുള്ള ചിലരെ അദ്ദേഹം പിടി കൂടി ഉപദേശിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ തിരിച്ചയക്കുന്നത് വലിയ ആവേശത്തോടെയാണ് ഞങ്ങൾ കണ്ടു നിന്നത്.
അന്നൊക്കെ കൊല്ലത്തിൽ രണേ്ടാ മൂന്നോ ദിവസമാണ് മിക്കയാളുകളും കോഴിയിറച്ചി കഴിച്ചിരുന്നത്. പല വീടുകളിലും കോഴിയെ വളർത്തിയിരുന്നെങ്കിലും തോന്നുമ്പോഴെല്ലാം അവയിൽ ഏതിനെ വേണമെങ്കിലും കൊന്നുതിന്നാം എന്നൊന്നും ആരും കരുതിയിരുന്നില്ല. ഇപ്പോൾ മിക്ക നാട്ടിലും ഒരു കിലോമീറ്ററിനുള്ളിൽ തന്നെ രണേ്ടാ മൂന്നോ കോഴിപ്പീടിക ഉണ്ടന്നെതാണ് സ്ഥിതി. ഞാനും കൊല്ലത്തിൽ പലവട്ടം കോഴിയിറച്ചി വാങ്ങാൻ പോവുന്നു. അതിനിടയിൽ വല്ലപ്പോഴുമൊക്കെ ആ പ്രാണിദ്രോഹനിവാരണക്കാരനെ ഓർക്കാറുണ്ട്. മനുഷ്യർക്കുള്ളതു പോലുള്ള അവകാശങ്ങൾ ആടിനും കോഴിക്കും കാളക്കുമൊക്കെ ഉണെ്ടന്ന് എല്ലാവരും അംഗീകരിക്കുന്ന കാലം വരികയാണെങ്കിൽ നമ്മളിൽ മഹാഭൂരിപക്ഷവും കൊടുംകൊലപാതകികളുടെ കൂട്ടത്തിലല്ലേ പെടുക?
എന്റെ നാട്ടിൽ ഒരു കോഴിക്കട ഉണ്ടായിരുന്നു ‘കുക്കുടാലയം’ എന്നായിരുന്നു അതിന്റെ പേര്. കേരളത്തിൽ മറ്റെവിടെയെങ്കിലും ഇറച്ചിക്കോഴികളെ വിൽക്കുന്ന കടക്ക് അങ്ങനെയൊരു പേര് ആരെങ്കിലും ഇട്ടിട്ടുണ്ടാവുമെന്നു തോന്നുന്നില്ല.
അതാണ് എന്റെ നാട്ടുകാരുടെ ഗുണം. ‘നമ്മുടെ ഈ മാടായി പ്രദേശത്തെ പോലെ അത്രയും വിചിത്രഭാവനയും സർഗാത്മകതയും ഉള്ള ആളുകൾ കേരളത്തിൽ മറ്റെവിടെയും ഉണ്ടാവില്ല’ കുറച്ചുനാൾ മുമ്പ് താഹ മാടായി വലിയ ആഹ്ലാദത്തോടെ എന്നോട് പറഞ്ഞിരുന്നു. എരിപുരത്തു നിന്ന് മൂന്നു കിലോമീറ്റർ അപ്പുറത്ത് സുൽത്താൻ തോടെന്ന കനാലിനു കുറുകെ നിർമിച്ച പാലത്തിന്റെ ഉത്ഘാടനം അകാരണമായി ഒരുപാട് വൈകിപ്പിച്ചപ്പോൾ നാട്ടുകാർ രണ്ട് പോത്തുകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടു വന്ന് അവയിൽ ഒന്നിനെ അധ്യക്ഷനായി സങ്കല്പിച്ച് മറ്റൊന്നിനെ കൊണ്ട് നാട കടിപ്പിച്ച് മുറിച്ച് ഉത്ഘാടനം ചെയ്യിച്ച സംഭവമുായപ്പോഴായിരുന്നു താഹയുടെ ഈ അഭിപ്രായ പ്രകടനം.
ചാണകം വാരൽ
കുട്ടിക്കാലത്തെ കുറിച്ചുള്ള എന്റെ ഓർമകളിൽ ‘ചാണകം വാരൽ ’എന്ന പ്രവൃത്തിക്ക് പ്രത്യേകമായൊരു സ്ഥാനമുണ്ടണ്ട്. അക്കാലത്ത് നാട്ടിൽ രാത്രികാലം മുഴുവൻ പാറപ്പുറത്തും റോഡിലും ഇടവഴികളിലുമൊക്കെയായി ധാരാളം പശുക്കൾ അലഞ്ഞു നടന്നിരുന്നു. കറവുള്ളവയൊഴിച്ച് മറ്റുള്ളവയെ മുഴുവൻ അങ്ങനെ അലയാൻ വിടുക എന്നത് ഏതാണെ്ടണ്ടാരു നാട്ടുനടപ്പ് തന്നെയായിരുന്നു. നേരം വെളുക്കും മുമ്പ് ഈ പശുക്കളുടെ ചാണകം വാരിയെടുക്കാനായി എരിപുരം മുതൽ പഴയങ്ങാടി വരെയുള്ള റോഡിലും മാടായി പാറപ്പുറത്തുമൊക്കെയായി പത്തിരുപത് കുട്ടികളെങ്കിലും ഓടിനടക്കും. ആൺകുട്ടികൾ മാത്രമല്ല കൗമാരപ്രായത്തിലെത്താത്ത പെൺകുട്ടികളും ഈ കുട്ടിസംഘത്തിലുണ്ടണ്ടാവും. ചെറിയ കൊട്ടകളും തലയിലേറ്റിയുള്ള ആ പാഞ്ഞു നടപ്പ് ഏകദേശം അര മുക്കാൽ മണിക്കൂറോളമുണ്ടണ്ടാവും. അപ്പോഴേക്കും ഓരോരുത്തരുടെ കൊട്ടയിലും ചാണകം നിറഞ്ഞിരിക്കും. വീട്ടിൽ തിരിച്ചെത്തിയാൽ ഈ ചാണകം മുഴുവൻ ഓരോരോ ഉരുളയാക്കി എടുത്ത് പാറകളിൽ കൈ കൊണ്ടണ്ട് പരത്തി വെക്കുകയാണ് ചെയ്യുക.ഉണങ്ങിക്കഴിഞ്ഞാൽ ഇത് നല്ല പോലെ കത്തും.വരടി എന്നു പറയുന്ന ഈ സാധനമായിരുന്നു അക്കാലത്ത് പാചകത്തിനുള്ള പ്രധാന ഇന്ധനം. ചാണകം വാരാൻ ഞാൻ ഓടി നടന്ന കാലം അരനൂറ്റാണ്ട് മുമ്പാണ്. എങ്കിലും എരിപുരത്തെ റോഡിൽ നിന്നും മാടായിപ്പാറയിൽ നിന്നുമെല്ലാം കിഴക്ക് വെള്ളകീറും മുമ്പുള്ള മങ്ങിയ വെളിച്ചത്തിൽ കൂട്ടുകാരോടൊപ്പം അവാച്യമായ ആവേശത്തോടെ ചാണകം വാരിയെടുത്ത് വീട്ടുപറമ്പിൽ തന്നെയുള്ള ചെറിയ പാറകൾക്കുമേൽ കയ്യിന്റെ അഞ്ചുവിരലുകളും പതിയും വിധം പരത്തിവെക്കുമ്പോൾ അനുഭവിച്ച ആനന്ദം ഇപ്പോഴും എനിക്ക് കൃത്യമായി ഓർമിച്ചെടുക്കാനാവുന്നുണ്ട്..അത്തരത്തിലുള്ള സരളമായ ആഹ്ലാദങ്ങൾ സ്വന്തമാക്കാനുള്ള കഴിവാണ് ശരീരവും മനസ്സും വളരുന്നതോടെ നമുക്ക് നഷ്ടമാവുന്നത്. പകരം ലഭിക്കുന്ന പുതിയ അറിവുകളുടെയും ലോകബോധത്തിന്റെയും ആനന്ദം ഒരിക്കലും അതിനോട് തുലനം ചെയ്യാവുന്നതല്ല. നിഷ്കളങ്കതക്ക് പകരം വെക്കാവുന്നതായി ഈ ലോകത്തിൽ എന്താണുള്ളത്?