About Us

പ്രവാസികൾക്കാണെന്ന് തോന്നുന്നു ഏറ്റവും കൂടുതൽ ഓർമകളെ താലോലിക്കാൻ ഇഷ്ടം…സൗഹൃദം കൊണ്ടു നടക്കാൻ ഇഷ്ടം. കൂട്ടായ്മ ഉണ്ടാക്കാൻ ഇഷ്ടം… അരുണും സജിത്തും എരിപുരം.കോം അവതരിപ്പിക്കുമ്പോഴുണ്ടായ ചർച്ചകളിൽ നിരന്തരം കടന്നുവന്നിരുന്ന ഒന്നായിരുന്നു നമ്മുടെയെല്ലാം മാടായിപ്പാറ സംഗമങ്ങൾ…നാട്ടിൽ ഒരു ജീവിതമാർഗ്ഗവും ഇല്ലാത്ത കാലത്ത് ഒരു സ്വാന്തനമായി മാറിയ, ഭാവിയെക്കുറിച്ച് മേലെയുള്ള ആകാശത്തിൽ നോക്കി സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച മാടായിപ്പാറ. ഓരോ തലമുറക്കുമുണ്ട്  അവരുടേതായ മാടായിപ്പാറ  ഓർമകൾ…അതുകൊണ്ട് തന്നെ മാടായിപ്പാറ.കോം എന്ന പുതിയ ആശയം അരുണും സജിത്തും പറഞ്ഞപ്പോൾ കൂടെ ഞാനുമുണ്ട് എന്ന് പറയാനല്ലാതെ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.

… ദിവാകരന്റെആവേശം എന്റെയും സജിത്തിന്റെയും  ഊർജ്ജം ഇരട്ടിയാക്കി… എപ്പോഴും പ്രോത്സാഹിപ്പിക്കാൻ മാത്രമറിയുന്ന, എന്ത് ആശയവുമായിച്ചെന്നാലും കൂടെ നിൽക്കുന്ന ഭാഗ്യേച്ചി എന്ന പി.കെ.ഭാഗ്യലക്ഷ്മിടീച്ചർ, നമ്മുടെ സ്വന്തം എൻ.പ്രഭാകരൻ മാഷ്, കെ.കെ.ആർ വെങ്ങര, ജാഫർ, ചിത്രകാരൻ മുത്തുകോയ, ടി. പവിത്രൻ മാഷ്, അബ്ദുളള അഞ്ചില്ലത്ത്, വി. സി. ബാലകൃഷ്ണൻ, ഇ. ഉണ്ണികൃഷ്ണൻ അങ്ങിനെ എത്രയോ പേരുടെ പിൻകരുത്ത് നമ്മുടെ ആത്മവിശ്വാസത്തിനു കരുത്തേകി.

… അരുണേട്ടൻ കൂടെയുണ്ടെണ്ടങ്കിൽ ക്രിയേറ്റിവിറ്റിക്കും സാങ്കേതികതയ്ക്കും ഒരു ലോകനിലവാരം കൊണ്ടുവരുമെന്നതിന് എരിപുരം.കോം ഒരു തെളിവായിരുന്നു…പിന്നെ ഒട്ടും താമസിച്ചില്ല. 2017 മാർച്ച് മാസം മുതൽ ഞാൻ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തുടങ്ങി, … അങ്ങിനെ മാടായിപ്പാറയെ സൈബർലോകത്തിലേക്ക് പകർത്താനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

തലമുറകളുടെ സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകിയ വിസ്മയഭൂമിയാണ് മാടായിപ്പാറ. തീഷ്ണ ചിന്തകളുടെയും ആശയസംവാദങ്ങളുടെയും ആകുലതകളുടെയും കർമ്മഭൂമി. എരിപുരത്തേയും പരിസരപ്രദേശങ്ങളിലേയും ജനതയുടെ ഒത്തുചേരലിൻ്റെ മടിത്തട്ട്. ചരിത്രം അടയാളപ്പെടുത്തിയ ഈ പവിത്ര മണ്ണിൽ നിന്നും നേടിയതാണ് ഞങ്ങളുടെ ഊർജ്ജം, സ്വപ്നം ,ഞങ്ങളെ ഞങ്ങളാക്കിതീർത്ത ഈ മണ്ണിനോടുള്ള ആദരം, കടപ്പാട്, അതിന്റെലളിത നാമമാണ് മാടായിപ്പാറ.കോം.

മാടായിപ്പാറയുടെ, പരിസര പ്രദേശങ്ങളുടെ ഭൂതവർത്തമാനങ്ങൾ, ചരിത്ര ലിഖിതങ്ങൾ, ജൈവ വൈവിദ്ധ്യങ്ങൾ, സാംസ്കാരിക  ഈടുവെപ്പുകൾ എല്ലാം നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും അറിയണമെങ്കിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന രേഖകൾ ഒരിടത്ത് ലഭ്യമാക്കണം. ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെ  സമന്വയിപ്പിച്ച് ലോകത്തിൻ്റെ ഏത് കോണിൽ നിന്നും മാടായിപ്പാറയെ തൊട്ടറിയുവാനുള്ള ഇടം… മാടായിപ്പാറ.കോം എന്ന ഞങ്ങളുടെ ആശയത്തിൻ്റെ ആദ്യഘട്ടം ഇവിടെ രൂപം കൊള്ളുന്നു.

പ്രാകൃത ചരിത്രഗാഥകളുടെ സങ്കീർത്തനങ്ങൾ പാടുന്ന ഏഴിമലക്കാറ്റിന്റെ മടിത്തട്ടിനെ, ലോകത്തിൻ്റെ നെറുകയ്യിൽ എത്തിക്കാനുള്ള ഞങ്ങളുടെ ആശയസാക്ഷാത്കാരത്തിന് കൈത്താങ്ങായി നിരവധി എഴുത്തുാകരുടെ സൃഷ്ടികൾ. കാലം ഞങ്ങളിൽ ഏൽപ്പിച്ച തിരുശേഷിപ്പുകൾ അത് സംരക്ഷിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കും ഉണ്ട്  എന്നതിന്റെ ശരിയുത്തരമാണ് മാടായിപ്പാറ ഡോട്ട്കോം. നിയതി തന്നെ നിതാന്തമായി കരുതിവെച്ച ജൈവികതകൾ, വിസ്മൃതിയിലാണ്ടു പോകുന്ന ചരിത്രലിഖിതങ്ങൾ, തലമുറകളുടെ സ്മൃതിപേടകത്തിൽ മാണിക്യക്കല്ലുപോലെ തിളങ്ങുന്ന ഗൃഹാതുരതകൾ…ഋതുഭേദങ്ങളിൽ പ്രകൃതി വരച്ചിടുന്ന വിസ്മയചിത്രങ്ങൾ… മാടായിപ്പാറയുടെ നേർക്കാഴ്ചകൾ! ഞങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു. ഇത് രേഖപ്പെടുത്തലുകളുടെ തുടക്കം. ഇത് നിറക്കേണ്ടത് നിങ്ങളുടെയുംകൂടെ കടമയാണ്. ആദ്യ സാക്ഷാത്കാരത്തിന്റെ നിറസാന്നിദ്ധ്യം സാദരം സമർപ്പിക്കുന്നു.

ഞങ്ങളുടെ മുന്നിൽ ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. മാടായിപ്പാറയുടെ ജൈവ വൈവിദ്ധ്യങ്ങളുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി ഒരു പഠനകേന്ദ്രം, അതാണ് മാടായിപ്പാറ.കോം ഫൗണ്ടേഷന്റെ അടുത്ത ദൗത്യം.

സ്നേഹത്തോടെ
ദിവാകരൻ, അരുൺ, സജിത്ത്
മാടായിപ്പാറ.കോം