Festival

മാടായി പ്രദേശത്തിൻ്റെ പ്രശസ്തിക്ക് പണ്ടു പണ്ടേ കാരണമായത് രണ്ട് ആരാധനാലയങ്ങളാണ്. മാടായിക്കാവും മാടായിപ്പള്ളിയും. കാവിൻ്റെ പഴക്കം വ്യക്തമാക്കുന്ന കൃത്യമായ ചരിത്രരേഖകളൊന്നുമില്ല. ചിറക്കൽ രാജവംശത്തിന്റെ പരദേവതയായ തിരുവർകാട്ട് ഭഗവതി അഥവാ മാടായിക്കാവിലച്ചിയാണ് കാവിലെ പ്രധാന പ്രതിഷ്ഠ. കളത്തിലരിയും പൂരവും കലശവവുമാണ് മാടായിക്കാവിലെ പ്രധാന ഉത്സവങ്ങൾ.

പൂരോത്സവം ഇന്നത്തേതിനേക്കാൾ ഗംഭീരമായി നടന്നിരുന്നത് പണ്ടാണെന്നു തോന്നുന്നു.എൻ്റെ വീടിനു മുന്നിലെ ആലിൻ ചുവട്ടിൽ പൂരംകുളിയുടെ മുമ്പുള്ള രണേ്ടാ മൂന്നോ രാത്രികളിൽ മിന്നുന്ന ചെറുബൾബുകൾ കൊണ്ട് അലങ്കരിച്ച സാധുബീഡിയുടെ വാൻ വന്നു നിൽക്കുന്നത് കുട്ടിക്കാലത്തെ അത്യാകർഷകമായൊരു കാഴ്ചയായിരുന്നു.

പൂരോത്സവത്തിൻ്റെ അവസാനഭാഗമായ പൂരം കുളി കാണാൻ ചെറുപ്പത്തിൽ എല്ലാ വർഷവും ഞാൻ വടുകുന്ദയിലേക്ക് പോയിരുന്നു.ഭഗവതിയുടെ വിഗ്രഹം വടുകുന്ദപ്പുഴ (തടാകം)യിലേക്ക് ആനയിക്കുന്നതും കാവിലെ പൂജാരികളും ഭക്തജനങ്ങളും വിഗ്രഹത്തോടൊപ്പം മുങ്ങി നിവരുന്നതുമെല്ലാം വലിയ കൗതുകം ജനിപ്പിച്ച കാഴ്ചകളായിരുന്നു.

വടുകുന്ദയിൽ ഇന്നു കാണുന്ന ക്ഷേത്രത്തിൻ്റെ സ്ഥാനത്ത് പണ്ട് ഇടഞ്ഞുപൊളിഞ്ഞ കുറച്ചു തറകളും വലിയ കരിങ്കല്ലുകളും ഒന്നുരണ്ട് നീണ്ട കൽത്തൊട്ടികളുമാണുണ്ടായിരുന്നത്.പൂരം കുളിയുടെ ദിവസം കൽത്തൊട്ടികളിൽ ആളുകൾക്ക് കുടിക്കാനായി സംഭാരം നിറച്ചുവെച്ചിരിക്കും.പാറപ്പുറത്ത് അന്ന് സാമാന്യം വലിയ ആൾക്കൂട്ടമുണ്ടാവും. മാതമംഗലം കലം, പാപ്പിനിശ്ശേരി കത്തി, മാങ്ങാടൻ തോർത്ത് എന്നിങ്ങനെ വിവിധ പ്രദേശങ്ങളുടെ പേരിൽ പ്രശസ്തമായിരുന്ന വസ്തുക്കളും അത്ത്, നാല്പാമരം, പായ, തെരിയ, കുരിയ തുടങ്ങിയവും പല തരം മിഠായികളും സോഡ, ലമനേഡ് തുടങ്ങിയ പാനീയങ്ങളും നാനാതരം  പാട്ടുപുസ്തകങ്ങളും പുരാണങ്ങളുമെല്ലാം കിട്ടുന്ന വലിയ ചന്ത പൂരംകുളി നാളിൽ പാറപ്പുറത്തെ സജീവമാക്കും. ആ ചന്തയിൽ വെച്ചാണ് നരകത്തിൻ്റെ ഒരു കലണ്ടർച്ചിത്രം ഞാൻ ആദ്യമായി കണ്ടത്.പാപം ചെയ്ത ആണിനെയും പെണ്ണിനെയും നഗ്നരാക്കി ആളിക്കത്തുന്ന തീക്ക് മുകളിലെ നൂൽപ്പാലത്തിൻമേൽ നടത്തിക്കുന്നതും കൊടുംകൊള്ളാക്കാരെന്നു തോന്നിക്കുന്ന കൊമ്പൻമീശക്കാരായ ചിലരെ പാമ്പുകൾക്കും തേളുകൾക്കുമിടയിൽ കയ്യും കാലും കെട്ടി ഇട്ടിരിക്കുന്നതുമെല്ലാം ആ നരക ചിത്രത്തിൽ ഉണ്ടായിരുന്നു.

കളത്തിലരിയുടെ ഒരു മാസക്കാലം ദിവസവും വൈകുന്നേരം ചുവന്ന കോണകവും ചെറിയ തോർത്തുമുണ്ടും മാത്രമുടുത്ത് ഞങ്ങൾ പരിസര പ്രദേശങ്ങളിലെ പത്തമ്പതോളം കുട്ടികൾ കാവിൽ പോവുമായിരുന്നു.ഏതാനും വർഷങ്ങൾക്കു മുമ്പ് കൊച്ചി സർവകലാശാലയുടെ റജിസ്ട്രാർ സ്ഥാനത്തിരുന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച കെ.വി.കുഞ്ഞികൃഷ്ണനായിരുന്നു അന്ന് ആ കുട്ടിപ്പടയുടെ പ്രധാന നേതാവ്. കളത്തിലരിയുടെ സായാഹ്നങ്ങളിൽ കാവിനകത്ത് ഞങ്ങൾ വലിയ സ്വാതന്ത്ര്യമനുഭവിച്ചിരുന്നതുകൊണ്ട് ആ ഒരു മാസത്തെ കാവിൽപോക്ക് ശരിക്കുമൊരു ഹരം തന്നെയായിരുന്നു.

കളിയാട്ടത്തോടനുബന്ധിച്ചുള്ള തട്ടുപറി എന്ന ചടങ്ങാണ് ചെറുപ്പത്തിൽ എനിക്ക് വളരെ രസം തോന്നിയ മറ്റൊരു സംഗതി. കവുങ്ങിൻ പൂക്കുലയും കുരുത്തോലയും തെച്ചിപ്പൂവും മറ്റും കൊണ്ട് അലങ്കരിച്ച കലശത്തട്ട് അനേകം പേരുടെ ശബ്ദബഹളമയമായ അകമ്പടിയോടെ കാവിനു പിന്നിലെ കാട്ടിലേക്ക് വരുന്നതും പിന്നെ ഭഗവതി തിരുമുടി വെക്കുമ്പോൾ കലശത്തട്ടിലെ അലങ്കാരങ്ങൾ മുഴുവൻ ആളുകൾ ഉന്തുംതള്ളുമായി പറിച്ചെടുക്കുന്നതും ത്രസിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. ചെറിയ തോതിലുള്ള ചന്ത ഉത്സവദിവസം ആ കാട്ടിലും ഉണ്ടാവുമായിരുന്നു.
കഴിഞ്ഞ നാലു പതിറ്റാണ്ടായി ഞാൻ തട്ടുപറിയും കളിയാട്ടവും കണ്ടിട്ടില്ല. രണ്ടും നടക്കുന്ന മാടായിക്കാവിനു പിന്നിലെ കാട്ടിൽ ഏറ്റവുമൊടുവിൽ പോയത് 2005 ഡിസംബറിൽ പുലിജന്മം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ്, മുരളി അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ പ്രണയത്തിന്റെയും ആത്മസംഘർഷത്തിൻ്റെയും ചില ദൃശ്യങ്ങൾ അവിടെ വെച്ചാണ് ചിത്രീകരിച്ചത്. വിങ്ങിപ്പൊട്ടുന്ന മുഖവുമായി പ്രകാശൻ ഒരു കാട്ടുമരക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യം

കാമമറിയാത്തവരുടെ കാമപൂജ

പന്ത്രണ്ട് പതിമൂന്ന് വയസ്സ് ആയപ്പോഴേക്കും യുക്തിവാദത്തിലും ഏതാണ്ട് അതേ പ്രായത്തിൽ തന്നെ കമ്യൂണിസത്തിലും എനിക്ക് കമ്പം കയറി. അതുകാരണം പിന്നീട് ഞാൻ മാടായിക്കാവിനകത്ത് കയറിയതേയില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഗതികളിലൊന്നിലും മനസ്സുകൊണ്ടു പോലും ബന്ധപ്പെടരുത് എന്ന നിർബന്ധം പിന്നെ പത്തിരുപതുകൊല്ലക്കാലം എന്നെ ഭരിച്ചു. ആ നിലപാട് എൻ്റെ മാനസികജീവിതത്തെ പല നിലക്കും നവീകരിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു എന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ നാട്ടറിവുകളും ഗ്രാമീണ മനസ്സിന്റെ നൈസർഗികചലനങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കണ്ണികൾ അറ്റുപോവുന്നതിന് അത് കാരണമായി. ആ നഷ്ടം നികത്തുന്നതിന് പിന്നീടുള്ള കാലത്ത് ഞാൻ കിണഞ്ഞു ശ്രമിക്കുകയും ചില വീണ്ടെടുപ്പുകൾ സാധിക്കുകയും ചെയ്തെങ്കിലും ശൂന്യതകൾ പലതും ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണെന്നു തന്നെ കരുതുന്നു.

പൂരമാണ് മാടായിക്കാവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.പൂരം മീന മാസത്തിലെ കാർത്തികനാൾ മുതൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. പഴയ ചിട്ട പ്രകാരമാണെങ്കിൽ ആറാം നാൾമുതൽക്കുള്ള ദിവസങ്ങളിൽ കാമദേവൻ്റെ മൺകോലമുൺാക്കി പൂജാമുറിയിൽ വെച്ച് പൂവിട്ടുപൂജിക്കണം. ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കിണറ്റിൻകരയിലും നാലും അഞ്ചും ദിവസങ്ങളിൽ വീടിൻ്റെ നടയിലുമായി പൂവിടൽ നടത്തണം. ചിട്ട ഇതാണെങ്കിലും ഞങ്ങളുടെയൊക്കെ വീടുകളിൽ ഒന്നാം ദിവസം മുതൽ ഒമ്പതാം ദിവസം വരെ ചാണകം കൊണ്ട് കാമൻ്റെ രൂപമുണ്ടാക്കി പൂവിടുകയായിരുന്നു പതിവ്. ചെമ്പകപ്പൂവും ചെടപ്പൂവ് എന്നു പറയുന്ന മങ്ങിയ നിറമുള്ള ചെറുപൂവും മുരിക്കിൻ പൂവും എരിക്കിൻപൂവുമൊക്കെയാണ് കാമനെ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത്.ചെമ്പകപ്പൂവ് കാമൻ്റെ തലയിൽ ചൂടിക്കും. മറ്റ് പൂക്കൾ കാൽക്കലും ചുറ്റിലും വിതറും. ഓരോദിവസവും ഓരോ കാമനെയാണ് ഉണ്ടാക്കുക. ഇങ്ങനെ ഒമ്പതാം ദിവസമാകുമ്പോൾ മുറ്റത്ത് കാമദേവൻ്റെ ഒമ്പത് രൂപങ്ങളുണ്ടാവും. ആദ്യദിവസത്തെ കാമനേക്കാൾ അല്പം വലുതായിരിക്കും രണ്ടാം ദിവസത്തെ കാമൻ. ദിവസം കഴിയുന്തോറും വലുതായി വലുതായി ഒമ്പതാം ദിവസമാവുമ്പോഴേക്കും കാമന് ഒരടിയിലധികം ഉയരവും അതിനൊത്ത ഉടലുമുണ്ടാവും.

പൂരം നാളിൽ സന്ധ്യ കഴിഞ്ഞ് ഒമ്പത് കാമൻമാരെയും അവരെ പൂജിച്ച പൂവോടുകൂടി മുറത്തിൽ വാരിയെടുത്ത് പറമ്പിലെ പ്ലാവിൻ ചുവട്ടിൽ കൊണ്ടുപോയി ഇടും. കാമനെ യാത്രയയക്കുന്ന ചടങ്ങാണത്. 
അപ്പോൾ
“എനിയത്തെ കൊല്ലോം വെരണേ കാമാ
നേരത്തേ കാലത്തെ വെരണേ കാമാ”
എന്ന് എല്ലാവരും കൂടി പാടും
ഇൗ വരികളോടൊപ്പം
“കല്ലിലേ മുള്ളിലേ പോലേ കാമാ
തെക്കൻ ദിക്കില് പൊലേ കാമാ
ഈന്തോല കെട്ടി വലിക്കും കാമാ
ഈന്തട ചുട്ട് ചതിക്കും കാമാ
എന്നു കൂടി ചിലരൊക്കെ പാടാറുണ്ട്. കാമനെ ഉണ്ടാക്കുന്നതിലും പൂവിട്ടു പൂജിക്കുന്നതിലും വേദനാമയമായ പാട്ടോടെ യാത്രയയക്കുന്നതിലുമെല്ലാം കുട്ടികൾക്കു
തന്നെയാണ് മേൽകൈ്ക. ആരാണ് കാമനെന്നോ അദ്ദേഹത്തിന്റെ പണിയും ഗുണവും എന്താണെന്നോ അറിയാതെയാണ് അവർ അതിയായ ആഹ്ലാദത്തോടെ എല്ലാം ചിട്ടയായി ചെയ്തുപോന്നത്.

പൂരോത്സവത്തിന്റെ സമാപന ദിവസമാണ് വടുകുന്ദപ്പുഴയിലെ പൂരംകുളി. മാടായിക്കാവിൻ്റെ തെക്കുപടിഞ്ഞാറെ ഭാഗത്ത് മാടായിപ്പാറയുടെ അറ്റത്തുള്ള വടുകുന്ദപ്പുഴ എന്ന തടാകത്തിലാണ് പൂരംകുളി നടത്തുന്നത്.അന്ന് മാടായിക്കവിലച്ചിയുടെ വിഗ്രഹത്തെ വടുകുന്ദപ്പുഴയിൽ കുളിപ്പിക്കും.പിടാരാർ വിഗ്രഹത്തോടൊപ്പം മൂന്നു തവണ മുങ്ങിനിവരും. ഈ കാഴ്ച കാണാനെത്തുന്ന ഭക്താരിൽ കുറേ പേരും തടാകത്തിൽ മുങ്ങി നിവരും.
പൂരംകുളി കാണാൻ പോവുന്നതിന് പൂരക്കടോത്ത് പോവുക, വടൂന്നക്ക് പോവുക എന്നൊക്കെയാണ് പൊതുവെ പറഞ്ഞിരുന്നത്. പൂരം കുളിയുടെ ദിവസം വടുകുന്ദയിൽ വലിയൊരു ചന്തയുണ്ടാകും. മാങ്ങാടൻ തോർത്ത്, മാതമംഗലം കലം, പാപ്പിനിശ്ശേരി കത്തി എന്നിങ്ങനെ ഓരോരോ നാടിൻ്റെ പേരിൽ അറിയപ്പെട്ടിരുന്ന സാധനങ്ങൾ മുതൽ നീതിസാരം, സീതാദു:ഖം, മണിപ്രവാളം തുടങ്ങിയ പുസ്തകങ്ങൾ വരെ അവിടെ വാങ്ങാൻ കിട്ടും. പണെ്ടാക്കെ ആളുകളുടെ ദാഹമകറ്റാനായി ഒന്നു രണ്ട് കൽത്തൊട്ടികളിൽ ആരോ സംഭാരം നിറച്ചുവെക്കുമായിരുന്നു.സംഭാരം മുക്കിക്കുടിക്കാനുള്ള ചിരട്ടയും തൊട്ടിയിൽ തന്നെ ഉണ്ടാവും. ഉച്ചവെയിൽ മൂക്കുന്നതോടെ വടുകുന്ദയിൽ നിന്ന് ആളുകൾ പിൻവാങ്ങാൻ തുടങ്ങും. പതുക്കെപ്പതുക്കെ കച്ചവടക്കാരും ഓരോരുത്തരായി സ്ഥലം വിടും.

പൂരംകുളിയോടനുബന്ധിച്ച് എല്ലാ കൊല്ലവും വടുകുന്ദയിൽ നടക്കുന്ന ചന്തക്ക് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാവും. ബസ്സും വഴിയുമൊന്നും ഇല്ലാത്ത കാലത്ത് നാനാദേശങ്ങളിൽ നിന്നുള്ള ആളുകൾ വിൽക്കാനും വാങ്ങാനുമായി വർഷത്തിലൊരു ദിവസം ഒരു കാക്കക്കാലിൻ്റെ തണൽ പോലുമില്ലാത്ത ആ പാറപ്പുറത്ത് കത്തുന്ന വെയിലിൽ ഒത്തുകൂടുന്നതിൻ്റെ ചിത്രം സങ്കല്പിച്ചെടുക്കുമ്പോഴെല്ലാം എന്തുകൊണ്ടെന്നറിയില്ല അസാധാരണമായൊരു വേദനയാൽ മനസ്സ് വിങ്ങും.

കലശം

മാടായിക്കാവിൽ വർഷം തോറും കാവിനു പിന്നിലെ കാട്ടിൽ വെച്ചു നടക്കുന്ന കളിയാട്ടത്തിൻ്റെ ഭാഗമായുള്ള സംഗതികളിൽ രണ്ടുമൂന്നെണ്ണമാണ് ഞാൻ പ്രധാനമായും ഒാർമിക്കുന്നത്. ഒന്ന് തായ്പരദേവതയുടെ അസാധാരണവലുപ്പമുള്ള മുടി. ഈ മുടിയുടെ കൃത്യമായൊരു വിവരണം എം.എസ് നായരുടെ പുസ്തകത്തിലുണ്ട്. അതിൻ്റെ വിവരണം ഉദ്ധരിക്കാം:
“അതിമനോഹരമാണ് തായ്പരദേവതയുടെ തെയ്യക്കോലം. വളരെ ഉയരത്തിലുള്ള മുടിയായതിനാൽ നീളമുടി ഭഗവതി എന്നും ഈ തെയ്യക്കോലത്തെ വിളിക്കാറുണ്ട്. മുടിയുടെ ഉയരം നാല്പത്തിരണ്ട് അടിയാണ്. നാല്പതീരടി കളരികൾ കോലത്തുനാട്ടിലുായിരുന്നു. കളരിയും ഭഗവതിയുടെ മുടിയും തമ്മിൽ അളവിലുള്ള ബന്ധം ശ്രദ്ധേയമാണ്. കളരിയാൽ ഭഗവതിയും ദേവിയുടെ രൂപം തന്നെ എന്നതിന് ഇവിടെ സൂചനയുണ്ട്. കവുങ്ങ് കീറിയുണ്ടാക്കുന്ന നേരിയ റീപ്പറുകൾ കൊണ്ടാണ് മുടിയുടെ സ്കെൽട്ടൺ തയ്യാറാക്കുന്നത്. ഏഴ് കവുങ്ങും അമ്പത്തൊന്നു മുളയും ഉപയോഗിച്ചാണ് തിരുമുടി ഒരുക്കുന്നത്.മേലോട്ട് പോകുന്തോറും വീതി കുറഞ്ഞ് അറ്റം കൂർത്തതായി വരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള പട്ടുകൾ കലാപരമായി തുന്നിച്ചേർത്താണ് ഈ ചട്ടം ആച്ഛാദനം ചെയ്യുന്നത്. വിമാനത്തറയെന്നു പറയുന്ന ഉടുപ്പ് നാലുഭാഗത്തും താഴ്ന്നുകിടക്കുന്ന ചുവന്ന പട്ടിനുള്ളിൽ പാദം വരെ മറഞ്ഞുകിടക്കുന്നു. അസാമാന്യ ഉയരം കാരണം മുടി ചിലപ്പോഴൊക്കെ കത്രികപ്പൂട്ടിട്ടു താങ്ങിനിർത്തേണ്ടി വരാറുണ്ട്. കഴുത്തിൽ അരയോളം താഴ്ന്നുകിടക്കുന്ന ഏഴുതരമെന്ന ആഭരണം, വശങ്ങളിൽ വിമാനത്തറയിൽ നിന്ന് മുടിവരെ ഉയർന്നു നിൽക്കുന്ന പക്കപ്പാമ്പ് എന്ന നാഗരൂപങ്ങൾ. ചായില്യം തേച്ച മുഖത്ത് മൂക്കിന്നിരുവശവും പ്രാവിൻ്റെ ആകൃതിയിലുള്ള വെള്ളിക്കീറുകളും. ഇവയൊക്കെ മുഖത്ത് രൗദ്രഭാവം സൃഷ്ടിക്കുന്നതിന് പ്രധാനപങ്ക് വഹിക്കുന്നു. കാലിൽ ചിലമ്പ്, വലതു കയ്യിൽ വാൾ, ഇടതുകയ്യിൽ എടത്തും എന്ന പരിചയും ശൂലവും.ഒാജസ്സും തേജസ്സും തുടിക്കുന്ന ഭഗവതിക്കോലത്തിൻ്റെ തിരുമുടി ഉയരുമ്പോൾ മഴ പെയ്യുമെന്നാണ് പഴമക്കാരുടെ വിശ്വാസം.’

ഇത്തരത്തിലുള്ള വിശ്വാസങ്ങളൊന്നും ഒരു ഘട്ടത്തിലും ഞാൻ പങ്കുവെച്ചിരുന്നില്ല. എങ്കിലും കുട്ടിക്കാലത്ത് ഞാൻ കാവിലെ കളിയാട്ടവും തട്ടുപറിയും കാണാൻ പോയ വർഷങ്ങളിലെല്ലാം ഭഗവതിയുടെയുടെ ആട്ടം കഴിയും മുമ്പേ മഴ പെയ്തിരുന്നു എന്നത് സത്യമാണ്. മെയ് അവസാനമാണ് കളിയാട്ടം. അതുകൊണ്ടു തന്നെ ഇൗ മഴ പെയ്യലിൽ അത്ര വലിയ അത്ഭുതത്തിന് സംഗതിയുണ്ടെന്ന് തോന്നുന്നില്ല.

കാവിലെ കളിയാട്ടത്തെ അതിൻ്റെ തന്നെ ഭാഗമായ കലശം എഴുന്നള്ളിപ്പിനെയും തട്ടുപറിയെയുമെല്ലാം ചേർത്ത് കലശം എന്നാണ് പൊതുവേ പറഞ്ഞിരുന്നത്. കലശത്തിൻ്റെ ഏറ്റവും ചടുലമായ ചടങ്ങ് തട്ടുപറിയാണ്. അതിനു മുമ്പ് കള്ള് നിറച്ച കലശങ്ങൾ വാദ്യഘോഷത്തോടെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതിനെകുറിച്ചും, കലശകുംഭം തറയിൽ വെക്കുന്നതിനെ കുറിച്ചും എനിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. കാവിനു പിന്നിലെ കാട്ടിലേക്ക് എങ്ങുനിന്നെല്ലാതെ കുറച്ചുപേർ കലശത്തട്ടുമായി ഓടിവരുന്നതും തട്ടിനെ അലങ്കരിച്ച കവുങ്ങിൻ പൂക്കുലയും കുരുത്തോലയും പൂക്കളും ആളുകൾ ഭയങ്കരമായി ഉന്തിയും തള്ളിയും തിക്കിത്തിരക്കി പറിച്ചെടുക്കുന്നതും ഇപ്പോഴും കണ്മുന്നിലെന്ന പോലെ ഞാൻ കാണുന്നുണ്ട്. കലശത്തിന്റെ ദിവസം ഈ കാട്ടിൽ അഞ്ചുപത്ത് ചെറുകിട കച്ചവടക്കാരെത്തും. പീപ്പിയും ബലൂണും ചെറുകളിപ്പാട്ടങ്ങളും നാനാതരം വർണമിഠായികളുമൊക്കയാവും വില്പന വസ്തുക്കൾ. അക്കാലത്ത് എന്നെ വല്ലാതെ കൗതുകം കൊള്ളിച്ച മനുഷ്യരാണ് ഈ ചെറുകച്ചവടക്കാർ. പലപല നാടുകളിലെ ഉത്സവപ്പറമ്പുകളിൽ ചുറ്റി നടക്കാൻ കഴിയുന്ന ഭാഗ്യവാന്മാരാണ് അവർ. അതിലുമേറെ അസൂയ തോന്നിപ്പിച്ച കാര്യം അവരുടെ കയ്യിലുള്ള ബഹുവിധ കളിപ്പാട്ടങ്ങളും തിന്നാലും തിന്നാലും മതി വരാത്ത മധുര സാധനങ്ങളുമെല്ലാം അവരുടെ സ്വന്തമാണല്ലോ എന്ന ചിന്തയാണ്.

നിറയും പുത്തരിയും

പഴയകാല കാർഷികജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ് നിറയും പുത്തരിയും. പുതിയ നെൽക്കതിർ നല്ല മുഹൂർത്തം നോക്കി ആചാരപൂർവം വീട്ടിലെത്തിക്കുന്നചടങ്ങാണ് നിറ. ‘നിറ,നിറ,പൊലി,പൊലി’ എന്ന് ഭക്ത്യാദരങ്ങളോടെ ഉരുവിട്ടുകൊണ്ടാണ് വയലിൽ നിന്ന് കൊയ്തെടുത്ത ആദ്യത്തെ കതിരുകൾ വീട്ടിലെത്തിക്കുന്നത്. വട്ടപ്പലം എന്ന ചെടിയുടെ ഇലയിൽ നെല്ലി, പൊലുവള്ളി, ആൽ, അരയാൽ, കാഞ്ഞിരം, മാവ്, പ്ലാവ്, മുള എന്നിവയുടെ ഇലകൾ പൊതിഞ്ഞുകെട്ടും. അതിനോട് നെൽക്കതിരും ചേർത്ത് തെങ്ങിൻ്റെ പാന്തംകൊണ്ട് കെട്ടിയാണ് വീട്ടിനകത്ത് ഉത്തരത്തിലും ജാലകങ്ങളിലും മറ്റും കെട്ടിയിടുക.

നിറ കഴിഞ്ഞ് അധികം വൈകാതെ പുത്തരി വന്നെത്തും.ആദ്യത്തെ വിളവെടുപ്പിൽ ലഭിക്കുന്ന നെല്ലിന്റെ അരികൊണ്ടുണ്ടാക്കിയ ചോറും പായസവുമൊക്കെ കഴിക്കുന്ന ചടങ്ങാണ് പുത്തരി. വളപട്ടണം മുതൽ എട്ടിക്കുളം വരെയുള്ള ഉപക്ഷേത്രങ്ങളിലേക്ക് പുത്തരിനിവേദ്യം തയ്യാറാക്കുന്നതിനുള്ള അരി പണ്ട് മാടായിക്കാവിൽ നിന്നാണത്രെ കൊടുത്തയച്ചിരുന്നത്.
എന്റെ വീട്ടുകാർക്ക് ഒരേക്കർ പറമ്പുണ്ടായിരുന്നതിൽ ഒരു വർഷം പൂത്താട എന്നു പറയുന്ന കരനെൽകൃഷി നടത്തിയിരുന്നു. കൊയ്ത്തു കഴിഞ്ഞപ്പോൾ പറമ്പിൽ നിറയെ തുവര നട്ടു. തുവരമണികൾ മൂത്തുതുടങ്ങിയപ്പോൾ എങ്ങുനിന്നെന്നില്ലാതെ നൂറുകണക്കിന് തത്തകൾ വന്നെത്തിയത്. അവയെ ഒാടിക്കാൻ ചില്ലറയൊന്നുമല്ല പണിപ്പെട്ടത്. അത്രയുമേറെ തത്തകളെ പിന്നീടൊരിക്കലും ഒരുമിച്ചു ഞാൻ കണ്ടിട്ടില്ല.

എന്റെ തലമുറയിലെ മിക്ക മലയാളികളെ സംബന്ധിച്ചിടത്തോളവും ഏറ്റവുമധികം ആഹ്ലാദം പകരുന്ന ജോലി കൃഷിയായിരിക്കും. സ്വന്തം കൈ കൊണ്ട് പച്ചക്കറികൾ നട്ടുനനച്ചുണ്ടാക്കുന്നതിന്റെ രസം ഒന്നു പ്രത്യേകം തന്നെയാണ്. കൃത്രിമ വളങ്ങളും കീടനാശിനികളും ഇല്ലാതിരുന്ന കാലത്ത് കാർഷിക വിളകൾക്കുണ്ടായിരുന്ന രുചിയും മണവും ഇപ്പോൾ ഓർമിച്ചെടുക്കാൻ മാത്രമേ ആവൂ. വെള്ളരിയും കുമ്പളവും മറ്റും പൂക്കുമ്പോഴുണ്ടാവുന്ന അനിർവചനീയമായ ആനന്ദവും വിദൂരമായ ഓർമ മാത്രമായി. ഇപ്പോൾ സ്വന്തമായുള്ള പത്ത് സെന്റിൽ വീടും കഴിഞ്ഞുള്ള ഭാഗത്ത് അഞ്ച് തെങ്ങുകളുടെ തണലിൽ കാര്യമായി ഒന്നും നട്ടു വളർത്താനാവുന്നില്ല. നേഴ്സറികളിൽ പ്രത്യേക പരിചരണത്തിൽ വളർന്ന ചെടികൾ മറ്റൊരു മണ്ണിൽ വളർത്തിയെടുക്കുക അല്ലെങ്കിൽ തന്നെ ശ്രമകരമാണ്.

കൃഷിയിൽ മുതിർന്നവരോളം തന്നെ താല്പര്യം കാണിച്ചിരുന്നു എൻ്റെ തലമുറയിലെ കുട്ടികൾ. പച്ചക്കറികൃഷിക്കു വേണ്ടി ഏറ്റവുമധികം അധ്വാനിച്ചിരുന്നത് അവരാണെന്നു തോന്നുന്നു. അന്നൊക്കെ വേനൽക്കാലമായൽ മിക്ക വയലുകളിലും കൊണ്ടുപിടിച്ച പച്ചക്കറി കൃഷിയായിരിക്കും. നട്ടി എന്നാണ് ആ വയൽകൃഷിക്ക് പൊതുവേ പറഞ്ഞിരുന്നത്.കയ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, ചീര തുടങ്ങിയവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. പൂഴിപ്രദേശങ്ങളിൽ നട്ടി നടുന്ന വയലിൽ ചെറിയ കുഴികുഴിച്ചാൽ നനക്കാനുള്ള വെള്ളം കിട്ടും. കൂവൽ എന്നാണ് ഈ കുഴികളെ പറഞ്ഞിരുന്നത്.വൈകുന്നേരങ്ങളിൽ കൂവലുകളിൽ നിന്ന് മൺകുടങ്ങളിൽ വെള്ളം കോരി പച്ചക്കറിക്ക് നനക്കുന്ന അനേകം പേരെ വിശാലമായ വയൽപ്പരപ്പുകളിൽ കാണാം.വെള്ളരി കൃഷിചെയ്യുന്ന വയലുകളിൽ കുറുക്കന്മാരെ അകറ്റാനായി രാത്രി മുഴുവൻ കുറേ ആളുകൾ കാവലിലിക്കും. വെള്ളരിക്ക തിന്നാൻ വരുന്ന കുറുക്കന്മാരെ കൂവിയകറ്റലാണ് അവരുടെ പ്രധാനപണി. ഇങ്ങനെയുള്ള കാവൽപ്പണിക്കാരെപ്പറ്റി പല തമാശക്കഥകളും കേട്ടിട്ടുണ്ട്. അവരിൽ ഒരാൾ കല്ല്യാണ രാത്രിയിൽ നവവധുവുമായി ബന്ധപ്പെട്ടു കഴിഞ്ഞ് തളർന്നുറങ്ങുകയും രാത്രിയിലെപ്പോഴോ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നപ്പോൾ സ്ഥലകാലബോധമില്ലാതെ എഴുന്നേറ്റു നിന്ന് കൂവിവിളിച്ച് വീട്ടുകാരെ മുഴുവൻ അമ്പരപ്പിച്ചു കളയുകയും ചെയ്തതാണ് അവയിലൊന്ന്.

“കുഞ്ഞിക്കുഞ്ഞിക്കുറുക്കാ
നിനിക്കെന്ത് ബെരുത്തം?
എനക്കെന്താട്ടാ തലക്കുത്ത പനിയും തലവേദനയും
അയിനെന്ത് ബൈശ്യം?
അയിന്ണ്ട് ബൈശ്യം
നട്ടീപ്പോണം കക്കിരി പറിക്കണം
കറുമുറ തിന്നണം
പാറമ്മക്കേറണം
പറപറ തൂറണം
കുന്നുമ്മക്കേറണം
കൂക്കിവിളിക്കണം
കൂ….കൂ…കൂ…”

എന്നൊരു പാട്ടുണ്ട്. ഈ തമാശപ്പാട്ടിന് ഒരു കാലത്ത് വടക്കൻ കേരളത്തിൽ നല്ല പ്രചാരമുണ്ടായിരുന്നു. വെള്ളരിവയലിലെ കാവൽക്കാരുടെ തന്നെ സൃഷ്ടിയാകാം ഈ പാട്ട്. വയൽ കാവൽക്കാർ രാത്രിയിൽ നേരം കൂട്ടാൻ വേണ്ടി സ്വയം തട്ടിക്കൂട്ടി കളിക്കുന്ന നാടകമാണ് വെള്ളരി നാടകം. വെള്ളരിക്ക പറിച്ചു കഴിഞ്ഞാൽ വയലിൽ തന്നെ ഇൗ നാടകം നാട്ടുകാരുടെ മുന്നിൽ അരങ്ങേറും. റാന്തൽ വിളക്കിൻ്റെയോ പെട്രോമാക്സിൻ്റെയോ വെളിച്ചത്തിലായിരിക്കും അവതരണം..ഹാസ്യരസപ്രധാനമായ ഈ നാടകങ്ങളിൽ ഗദ്യത്തിലുള്ള സംഭാഷണത്തിനു പുറമേ തമാശ നിറഞ്ഞ പാട്ടുകളും ഉണ്ടാവും.

ടി.പി.സുകുമാരൻ മാഷുടെ ‘ആയഞ്ചേരി വല്ല്യെശ്മാൻ’ വെള്ളരി നാടകത്തിൻ്റെ ഘടന സ്വീകരിച്ച് എഴുതിയ നാടകമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ അർധരാത്രിയിൽ ഒരു വെള്ളരിവയലിൽ നടക്കുന്ന നാടകാവതരണവും അതിൻ്റെ പര്യവസാനവുമായിട്ടാണ് ‘ആയഞ്ചരി വല്ല്യെശ്മാൻ്റെ  ഇതിവൃത്തം രൂപപ്പെടുത്തിയിട്ടുള്ളത്.