ശുദ്ധീകരണ യജ്ഞം:
1979 ഏപ്രിൽ 20ന് തുടങ്ങിയ ആ മഹായജ്ഞം ഇരുപത് ദിവസങ്ങളോളം നീണ്ടുനിന്നു. ഒരു പക്ഷെ വടുകുന്ദയുടെ നൂറ്റാണ്ടുകൾ നീണ്ടു കിടക്കുന്ന ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അത്തരം ഒരു സംഭവം.
നാടിൻ്റെ നാനാഭാഗത്തു നിന്നും പ്രായഭേതമന്യേ ലിംഗഭേതമന്യേ ജനങ്ങൾ അതിൽ പങ്കാളികളായി. അഞ്ചാറ് മോട്ടോറുകൾ കിണഞ്ഞ് ശ്രമിച്ചിട്ടും വെള്ളം പൂർണ്ണമായും വററിക്കാൻ കഴിഞ്ഞില്ല;. ആളുകൾ റിലേ പോലെ തൊട്ടികളിൽ ചെളി കോരി വെളിയിലെത്തിച്ചു. ഒരു വേള മാടായിപ്പാറ കണ്ട ആദ്യത്തെ ബൃഹത്തായ സേവന യജ്ഞമായിരുന്നു അത്. 1979ൽ ആയിരുന്നു എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ വടുകുന്ദ ശിവക്ഷേത്രപുനർനിർമാണക്കമ്മിറ്റി രൂപം കൊള്ളുന്നത്.
നൂറ്റാണ്ടുകളായി എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന ഒരു ദേവസ്ഥാനമായിരുന്നു അത്. ചെറിയ കൽക്കെട്ടിനുള്ളിൽ സ്വയംഭൂ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ശിവ സാന്നിധ്യം. എന്നാൽ അറുപതുകളുടെ അവസാന പാദത്തിൽ കേരളത്തിൽ രൂപമെടുത്ത തീവ്രരാഷ്ട്രീയ ചിന്തയിൽ പല വിഗ്രഹങ്ങളും കടപുഴക്കി എറിഞ്ഞപ്പോൾ ഈ സ്വയംഭൂ ശിവനെയും പൊരിച്ചെടുത്ത് കിണറിലിട്ടു: പിന്നീട് അത് വീണ്ടെടുക്കപ്പെട്ടു.വടുകുന്ദ തടാക ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് ഏറെ പേർ നേതൃത്വം നൽകി. സി.വി.ദാമോദരൻ വൈദ്യർ -ആലയിൽ നാരായണൻ.നാരായണൻ മാസ്റ്റർ ‘ പി.പി. കൃഷ്ണൻ മാസ്റ്റർ,ഭാസ്കരൻ മാസ്റ്റർ,മാടായി ഭാസ്കരേട്ടൻ, പി.വി.നാരായണൻ മാസ്റ്റർ,എ.കെ.നാരായണൻ.ഇങ്ങിനെ ‘ആ നിര നീണ്ടുപോകുന്നുണ്ട്.
വടുകുന്ദ തടാക ശുദ്ധീകരണ യജ്ഞം ഒരു ഉൽസവാന്തരീക്ഷം സൃഷ്ടിച്ചിരുന്നു എന്ന് പറയാം. ചെളിയിൽ രൂപപ്പെട്ട ചില അടയാളങ്ങളെ പകർത്തി മുതലയുടെ കാൽപാടുകൾ എന്ന് വാർത്ത ചമച്ച ഒരു പ്രമുഖ പത്രത്തിൻ്റ വെളിവില്ലായ്മയും കൗതുകമുണർത്തി. വടുകുന്ദ തടാകത്തിൽ പണ്ടൊരു മുതലയുണ്ടായിരുന്നു എന്ന് പഴമക്കാർ പറഞ്ഞത് കേട്ടിരുന്നു. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണ് വടുകുന്ദ .അതിൻ്റെ നിർമാണം പൂർത്തീകരിച്ചിരുന്നില്ല എന്ന് ടിപ്പുവിൻ്റെ സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അതിന് മുൻപ് അത് തകർക്കപ്പെട്ടിരിക്കണം. പടയോട്ടക്കാലത്തിക്ക് അത് സംഭവിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. ചരിത്രപരമായ തെളിവുകളൊന്നും സാക്ഷ്യപത്രമായി മുന്നിലില്ല. അവിടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശിലാഖണ്ഡങ്ങൾ പലകഥകളും നമ്മോട് പറയുന്നുണ്ട്.
എന്തായാലും മാടായിക്കാവിനെക്കാളും പഴക്കമുണ്ട് വട്ടുകുന്ദയ്ക്ക് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒര് കലാകാരൻ എന്ന നിലയിൽ വടുകുന്ദയിലെ നഷ്ടശിലാഖണ്ഡങ്ങളെ വായിച്ചെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നും കേരളീയ ശൈലിയല്ല മറിച്ച് കർണാടകയിലെ ഹൊയ്സാല സ്കൂളിൻ്റെ സാന്നിധ്യമാണ് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളത് ‘ കൂടുതൽ ഗവേഷണം അർഹിക്കുന്ന ഒരു കാര്യമാണത്. ഏതായാലും കോലത്തിരി പരദേശങ്ങളിൽ നിന്നും തൻ്റെ ദേശപുനർനിർമാണത്തിന് കൊണ്ടുവന്ന കമ്മാളരിൽ ഇവരുമുണ്ടായിരുന്നു . ഇവരുടെ അനന്തര തലമുറ കുന്നരുവിലെ കാരന്താട്ടിൽ ലഘുശിൽപങ്ങൾ നിർമിച്ചും ക്ഷേത്രങ്ങളുടെയും കാവുകളുടെയും അനുബന്ധജോലികൾ ചെയ്തും ഇന്നുമുണ്ട്. കഴിഞ്ഞ തലമുറയിലെ പ്രഗൽഭനായ കൃഷ്ണ ശിൽപി ആരാലും അറിയപ്പെടാതെ കാലത്തിൻ്റെ കനത്ത ഇരുട്ടിലേക്ക് മറഞ്ഞ് പോയി. പി.പി. കൃഷ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു വടുകുന്ദ ശിവക്ഷേത്രത്തിലെ നവീകരണ കലശവും ആദ്യത്തെ ഉൽസവവും നടക്കുന്നത്. 1992 ൽ ആണ് ആ ചരിത്ര സംഭവം. ഏറെക്കാലം മാടായിയിലെ ഭാസ്കരേട്ടൻ അതിൻ്റെ മുഖ്യ കാര്യക്കാരനായിരുന്നു. ഇന്ന് ക്ഷേത്രം വളർന്ന് വലുതായിരിക്കുന്നു. വരുമാനം കൂടിയപ്പോൾ ദേവസ്വം ബോർഡ് ശക്തി കാട്ടി അത് ഏറ്റെടുത്തു. ഇന്നും അത് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചിട്ടില്ല.
മാടായിക്കാവിലമ്മയുടെ പൂരംകുളി ആസ്ഥാനമായ വടകുന്ദ ഒരു അത്ഭുതാനുഭവമാണ്. ചരിത്രത്തിൽ ഇന്നേ വരെ അത് വറ്റിവരണ്ടിട്ടില്ല. ഏത് തീമഴക്കാലത്തിനെയും അതിജീവിച്ച വടുകുന്ദ നൂറ്കണക്കിന് ജീവജാലങ്ങൾക്ക് ജീവാമൃതം നൽകി. മാടായിപ്പാറ ഖനനം തുടർന്നിരുന്നുവെങ്കിൽ വടുകുന്ദ എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഇ സി.ജി., മാടായിപ്പാറ സംരക്ഷണ സമിതി, സീക്ക് ഇത്തരം പോരാട്ട കൂട്ടങ്ങളോട് നമ്മളി തിന് കടപ്പെട്ടിരിക്കുന്നു.
One thought on “മാടായിപ്പാറ ഓർമകൾ വടുകുന്ദ തടാകം : കെ. കെ . ആർ .വെങ്ങര”