മാടായിയിലെ മുസ്ലീം സ്ത്രീകൾ “പള്ളീൽ പോകുന്നില്ലേൽ ജനീസയിലേക്ക് പോയ്ക്കോടാ” എന്നത് ഈയടുത്ത കാലം വരെ മഖ്രിബ് നമസ്കാരത്തിന് പള്ളികളിൽ പോകുവാൻ വിസമ്മതിക്കുന്ന കുട്ടികളെ കളിയാക്കാനായി ഉപയോഗിച്ചിരുന്ന ഒരു പ്രയോഗമാണ്. എന്നാൽ ജനീസാ എന്ന വാക്കിന്റെ അർത്ഥം അവർക്കറിഞ്ഞിരുന്നില്ല. തലമുറകളായി വാമൊഴിയായി പകർന്നുകിട്ടിയ നിരവധി അറബി-മലയാളം വാക്കുകൾ പോലെ ഒരു പദം എന്നേ കരുതിയിട്ടുള്ളൂ. എന്നാൽ ഇന്ന് നമുക്കറിയാം ഇത് പ്രാചീന ജൂതൻമാരുടെ സിനഗോഗുകളെ പരാമർശിക്കുന്ന പദമാണെന്ന്. മറഞ്ഞുപോയ ചര്യയേയും സൂചിപ്പിക്കുന്ന പദമായി മാടായിയിൽ അത് നിലനിൽക്കുന്നു. ഇനിയുമുണ്ട് മാടായിയിലെ ജൂതൻമാരുടെ സാമൂഹിക സാംസ്കാരിക ബന്ധത്തെ കാട്ടുന്ന തിരുശേഷിപ്പുകൾ. അതിൽ പ്രധാനം ഇവിടുത്തെ മുസ്ലീങ്ങളുടെ ഇടയിൽ ഉള്ള ധാരാളം വിവാഹ പാട്ടുകൾ തന്നെ. ആശ്ചര്യമെന്നു പറയട്ടെ ഇതിൽ പല പാട്ടുകളും കൊച്ചിൻ ജൂതൻമാരുടെ പ്രധാന ആവാസകേന്ദ്രമായിരുന്ന തെക്കും ഭാഗത്തുനിന്നും 1876 ൽ ‘അബ്ജില’ എന്ന മാടായി കുടുബവുമായി ബന്ധമുള്ള ജൂതസ്ത്രീയിൽ നിന്നും ശേഖരിച്ച പാട്ടുകളുമായി ബന്ധമുള്ളയവയാണ്. രണ്ടായിരത്തിലധികം വർഷമായി നിലനിൽക്കുന്ന മാടായിയുടെ ചരിത്രത്തിലെ മികവുറ്റ ഒരേടാണ് ജൂത കച്ചവടക്കാരുടെ വരവും അവർ ഇവിടെ നിർമ്മിച്ച സംസ്കൃതിയുടെ ഇന്നത്തെ സ്മൃതിയും. എ.ഡി. ഒന്നാം നൂറ്റാണ്ടുമുതൽ 14 -ാം നൂറ്റാണ്ടുവരെ ഇവിടെയുണ്ടായിരുന്ന വിപുലമായ തുറമുഖങ്ങളും, കടൽ വാണിജ്യവും വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സംഗമ ഭൂമികയാക്കി മാടായിയെ മാറ്റി. ഇത് വ്യത്യസ്ത ദേശങ്ങളിൽ നിലനിന്നിരുന്ന ഒരു സാസ്കാരിക കൂട്ടായ്മ മാടായിയിൽ പിൽക്കാലത്ത് വളർത്തിക്കൊണ്ടുവരുന്നതിന് ഇടയാക്കി.
ചരിത്ര കുതുകികളും സാംസ്കാരിക വിമർശകരും ആഗ്രഹിച്ചുപോകും മാടായിപ്പാറ സംരക്ഷണ സമിതി മുപ്പതു വർഷം മുമ്പേ ഉണ്ടാവേണ്ടതായിരുന്നുവെന്ന്. അങ്ങിനെയായിരുന്നുവെങ്കിൽ, ആധുനിക പൂർവ്വകാല മാടായിയുടെ ചരിത്ര സൂക്ഷിപ്പുകൾ ഒരു നിധിപോലെ അവിടെ അവശേഷിക്കുമായിരുന്നു. ഗൾഫ് പ്രവാസത്തിന്റെ ഭാഗമായി വളർന്നുവന്ന മദ്ധ്യവർഗ്ഗത്തിന്റെ വളർച്ചയും താൽപര്യങ്ങളും, ഭരണകൂടത്തിന്റെ അലംഭാവവും ഈ അടുത്ത കാലത്തായി തഴച്ചുവളർന്ന വിദ്യാഭ്യാസ കച്ചവടവും മാടായി പാറയിലെ ചരിത്ര സൂക്ഷിപ്പുകളെ തച്ചുതകർത്തു. മാടായിയിൽ ജൂതൻമാരുടെ കുടിയേറ്റമുണ്ടായിരുന്നുവെന്ന് ചരിത്രകാരൻമാർ നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. മാടായിപ്പാറയുടെ നെറുകയിൽ ദീർഘ ചതുരാകൃതിയിൽ ഒരു വാലോടെ കൊത്തിയെടുത്ത്, ഇന്ന് ജൂതക്കുളമെന്ന് അറിയപ്പെടുന്ന കുളത്തെ ചൂണ്ടികാട്ടിയാണ്. ഇത് കൂടാതെയാണ് ഇരുപതോളം വരുന്ന ചതുരക്കിണറുകൾ മലബാറിലെ ജൂത കുടിയേറ്റങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും കൂടിയേറ്റത്തിന്റെ ചരിത്ര അവശിഷ്ടങ്ങൾ അന്വേഷിച്ചും സ്വദേശികളും വിദേശികളുമായ നിരവധി ചരിത്രകുതുകികൾ എല്ലാദിവസങ്ങളിലും മാടായിപ്പാറയിൽ എത്തിച്ചേരുന്നുണ്ട്. പക്ഷെ തിരിച്ചുപോകുമ്പോൾ അവരുടെ മുഖങ്ങൾ ഏറെ മ്ലാനമായി കാണപ്പെടുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ ചരിത്രത്തോടും പുരാവിജ്ഞാനത്തോടുമുള്ള താൽപ്പര്യമില്ലായ്മ മാടായിയുടെ സമൃദ്ധമായ സാസ്കാരിക കൂട്ടായ്മയുടെ ചരിത്രം എന്നെന്നേക്കുമായി ഇല്ലാതാകുവാൻ കാരണമായി തീരുന്നു.
അതുലന്റെ മൂഷികവംശകാവ്യത്തിൽ മാടായിയുടെ പരിസരങ്ങളിൽ വളർന്നുവന്ന വാണിജ്യ തുറമുഖങ്ങളെയും, സമ്പന്നമായ കടൽ കച്ചവടത്തെയും പരാമർശിക്കുന്നുണ്ടണ്ട്: കോലപത്തനവും, അചലപട്ടണവും മാരാഹി വാണിജ്യ കേന്ദ്രവും, ബുദ്ധ, ജൈന വിഹാരങ്ങളും കുടികൊള്ളുന്ന അതി മനോഹരമായ ഒരു നഗരം കൂടാതെ പയ്യന്നൂർ പാട്ടും നരയൻകണ്ണീർ ലിഖിതവും തരുന്ന വർത്തകസംഘങ്ങളെക്കുറിച്ചുള്ള അറിവുകൾ. ആക്കൂട്ടത്തിൽ എത്തിപ്പെട്ടവരാണ് ജൂതൻമാരും.
ഇന്ത്യയിൽ എത്തിയ ജൂതൻമാർ വ്യത്യസ്ഥ ദേശങ്ങളിൽ നിന്ന് വ്യത്യസ്ഥ കാലങ്ങളിൽ ഇവിടെയെത്തി അധിവാസം സ്ഥാപിച്ചവരാണ്. ഇവരെ യൂറോപ്യൻമാർ, ഇറാഖ്, മണിപ്പൂരി, മറാത്തി(ബനു-ഇസ്രായിലികൾ), മലബാറി ജൂതൻമാർ എന്നിങ്ങനെ ഗണിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ കുടിയേറ്റം നടത്തിയ ജൂതൻമാരിൽ വലിയൊരു വിഭാഗമായ ബനു-ഇസ്രായി, പാലസ്തീൻ,യമൻ എന്നിവിടങ്ങളിൽ നിന്നു ഇവിടെ എത്തപ്പെട്ടവരാണെന്ന് ചരിത്രകാരനായ ഡോ: വിൽസൺ രേഖപ്പെടുത്തുന്നു. 1685-ൽ അംസ്റ്റർഡാമിൽ നിന്നു മലബാറിൽ വന്ന് ജൂതൻമാരെ കുറിച്ച് പഠനം നടത്തിയ മെസെ പെറോറ സി പൈവെ രേഖപ്പെടുത്തുന്നത് പ്രാചീന കാലത്തുതന്നെ ജൂതൻമാർ മാടായിയിൽ എത്തിയിട്ടുണ്ടെണ്ടന്നാണ്. മറ്റൊരു ദേശം ചിരികണ്ഠമാണത്രെ. ഈ പ്രദേശം ഏതെന്നു കൃത്യമായി തിരിച്ചറിയപ്പെട്ടിരുന്നില്ല എന്ന് മലബാറിലെ ജൂതൻമാരെക്കുറിച്ച് പഠനം നടത്തിയ പി.എം. ജോഷി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കടൽ വാണിജ്യത്തിന്റെ മറ്റൊരു പ്രധാനകേന്ദ്രമായിരുന്ന ശ്രീണ്ഠാപുരത്ത് ജൂതൻമാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിലതെളിവുകൾ എന്റെ നേരത്തെയുള്ള ഗവേഷണകാലത്ത് ലഭിച്ചിരുന്നു. ആ പുരാവിജ്ഞാന തെളിവുകൾ ലഭിച്ച പ്രദേശത്തിന് ‘‘ ജൂതൻമാന’’എന്ന സ്ഥല നാമമാണ് ഉള്ളത്. ഇങ്ങനെയുള്ള ഒരു ജൂത കുടിയേറ്റത്തെ കുറിച്ചു പി.എം. സെയ്തും നിരക്ഷിക്കുന്നുണ്ടണ്ട്.
AD 70 ൽ 2-ാം ദേവാലയം നശിപ്പിച്ചതിനെ തുടർന്നാണ് മലബാറിലേക്ക് ജൂതൻമാർ കുടിയേറിയത് എന്ന് ചില ചരിത്രകാരൻമാർ നിരീക്ഷിക്കുന്നുണ്ട്. അതേസമയം പുരാവിജ്ഞാന തെളിവുകൾ സൂചിപ്പിക്കുന്നത് റോമൻ സമുദ്രാന്തര കച്ചവടബന്ധങ്ങൾ വളർന്നുവന്ന ഇടം എന്ന നിലയ്ക്കാണ് മാടായിയെ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണ് അറബി ജൂതൻമാരുടെ കുടിയേറ്റങ്ങളെയും നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
മാടായിയിൽ വാണിജ്യാർത്ഥം കുടിയേറ്റം നടത്തിയിരുന്ന ജുതൻമാരുടെ ആദ്യകാല കോളനികൾ നിലനിന്നിരുന്നത് ഇന്ന് മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന മാടായിപ്പള്ളിക്ക് സമീപമുള്ള മലയടിവാരങ്ങളിലായിരുന്നു. എ.ഡി. 9-ാം നൂറ്റാണ്ടണ്ടിലെ മാലിക്ക് ഇബ്നു ദിനാറിന്റെയും സംഘത്തിന്റെയും മുസ്ലീം പള്ളി നിർമ്മാണവും പേർഷ്യൻ രീതിയിലുള്ള മുസ്ലീം കോളനികളുടെ വരവോടുംകൂടിയാണ് ജൂതൻമാർ അവരുടെ ആദ്യകാല കുടിയേറ്റ മേഖലയായിരുന്ന മലയടിവാരം ഉപേക്ഷിച്ചു പഴയങ്ങാടിക്ക് തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മാടായി പാറയിൽ അധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. 11-ാം നൂറ്റാണ്ടോടുകൂടി അറബി മുസ്ലീം കച്ചവടക്കാർ മാടായി കേന്ദ്രികരിച്ചുകൊണ്ട് രാജ്യാന്തര വാണിജ്യത്തിൽ മേൽക്കോയ്മ നേടിയതോടുകൂടി ജൂതൻമാരുടെ കച്ചവട ശൃംഖലകൾക്ക് തകർച്ച സംഭവിക്കുകയായിരുന്നു. മലബാറിലെ ജൂതൻമാരെക്കുറിച്ച് പഠനം നടത്തിയ ഡോ.എം.ജി.എസ്. നാരായണനും, പി.എം. ജോഷിയും മാടായിയിൽ ജൂത കുടിയേറ്റം നടന്നതായി രേഖപ്പെടുത്തിയില്ല . അതേ സമയം 2002-ൽ ജർമ്മൻ പണ്ഡിതനായ ആൽബർട്ട് ഫ്രൻസ് മാടായിയിലെ ജൂതൻമാരെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ടണ്ട്. ഈഅടുത്ത കാലത്ത് ഇൻഡോളജിസ്റ്റായിരുന്ന ഒഫിറാ ഗാംലേൽ ഇസ്രായിലേക്ക് കുടിയേറിയ മലയാള ജുതൻമാരുടെ ഭാഷയിലെ ഹിബ്രു സാന്നിദ്ധ്യത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അതിൽ മാടായിലെ ജൂതൻമാരെ കുറിച്ച് കൃത്യമായി പരാമർശിക്കുകയും ചെയ്യുന്നുണ്ടണ്ട്. മാത്രമല്ല, കഴിഞ്ഞ മൂന്നു വർഷമായി ഈ ലേഖകനും ഡോ: ദിനേശൻ വടക്കിനിയനും സംയുക്തമായി ജൂതൻമാരുടെ വാണിജ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ ഇസ്രായേലിൽ എത്തിയ കേരള ജൂതൻമാരുടെ കൂട്ടത്തിൽ “മാടായി” കുടുംബപേരുള്ളവരും (Madayi Family) ഉൾപ്പെട്ടിട്ടുണ്ടണ്ട്. അവരുടെ ഭാഷ, സംസംകാരം, സാമൂഹിക ബന്ധങ്ങൾ എന്നിവയെ കുറിച്ച് ജർമ്മനിലെ മ്യൂണിക്ക് സർവ്വകലാശാലയിലെ ഒഫീറാ ഗാംലേൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരൻ ദുവാർത്ത ബർബോസ എഴുതിയ കുറിപ്പിൽ മാരാവി(മാടായി)യെക്കുറിച്ചും അവിടത്തെ ജൂതൻമാരെക്കുറിച്ചും പറയുന്നിടത്ത് നൂറ്റാണ്ടുകളായി അവർ ഇവിടെ താമസിക്കുന്നതിനാൽ നാട്ടുഭാഷയാണ് സംസാരിക്കുന്നത് എന്ന് പ്രസ്താവിക്കുന്നുണ്ട്. കൂടാതെ തദ്ദേശീയ സ്ത്രീകളുമായുള്ള വിവാഹബന്ധത്തിന്റെ ഭാഗമായ തദ്ദേശീയ ആചാരങ്ങളും ചില അനുഷ്ഠാനങ്ങളും ജൂതൻമാരുടെ ജീവിതത്തിലും സംസ്കാരത്തിലും കലർന്നിട്ടുണ്ടെന്നു പറയുന്നുണ്ട്. അതുകൊണ്ട് മാടായിയിലെ ജൂതൻമാർ ആദ്യകാലങ്ങളിൽ ജൂഡോ-അറബിയും പിന്നീട് തദ്ദേശിയരുമായുള്ള ഇടപെടലുകളുടെ ഭാഗമായി മലയാളം-ജൂതഭാഷയുമാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല മാടായിയിൽനിന്നും ലഭിച്ചിരിക്കുന്ന ജൂതൻമാരുടെ വിവാഹപ്പാട്ടുകൾ പിൽക്കാലത്ത് മാടായിയിലെ മുസ്ലീങ്ങളുടെ വിവാഹപ്പാട്ടുകളുമായി കൂടിക്കലർന്ന് വളർന്നുവന്നിട്ടുണ്ട്. ഈ ലേഖകൻ ശേഖരിച്ച 55-ഓളം മുസ്ലീം വിവാഹപ്പാട്ടുകളിൽ 5-ഓളം ജൂത വിവാഹപ്പാട്ടുകളാണ്. ബർബോസ തന്റെ സഞ്ചാരക്കുറിപ്പിൽ മാടായിയിലെ ജൂതൻമാർ കറുത്ത നിറമുള്ളവരാണെന്നും രേഖപ്പെടുത്തുന്നുണ്ടണ്ട്. ഇത് സൂചിപ്പിക്കുന്നത് തദ്ദേശീയരുമായി വിവാഹ ബന്ധത്തിലൂടെയും ഇവിടത്തെ സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെയും വളർന്നുവന്ന ജൂതൻമാരിൽ വലിയൊരു വിഭാഗവും പോർച്ചുഗീസുകാരുടെ മത, വാണിജ്യ നയത്തിന്റെ ഭാഗമായി മത പരിവർത്തനത്തിന് വിധേയമായി എന്നാണ്. ഒഫീറ ഗാംലേൽ ജൂതൻമാരുടെ സാമൂഹിക- സാംസ്കാരിക ജീവിതത്തിൽ ദരിദ്രരും, സമ്പന്നരും തമ്മിലുള്ള വിഭജനവും ഉന്നതകുല ജാതരെന്നും ഹീനകുലജാതരെന്നുമുള്ള വിഭജനവും കൊളോണിയൽ ആധുനികത നിർമ്മിച്ചെടുത്തതെന്ന് നിരീക്ഷിക്കുന്നുണ്ട്.
പോർച്ചുഗീസുകാരുടെ അധിനിവേശം ജൂതൻമാർക്ക് കടുത്ത പരീക്ഷണക്കാലമായിരുന്നു. പോർച്ചുഗീസുകാർ ജൂതൻമാരെ അവരുടെ ശത്രുക്കളായാണ് കണ്ടണ്ടിരുന്നത്. തങ്ങളുടെ കച്ചവട താൽപര്യത്തിന് ജൂതൻമാർ തടസ്സമാകുമെന്ന് അവർ ഭയപ്പെട്ടിരുന്നു. പോർച്ചുഗീസുകാരുടെ മതപരസമീപനവും മാടായിയിൽ നിന്നിരുന്ന മുസ്ലീം-ജൂത സഹവർത്തിത്വവും ജൂതൻമാർ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇടയാക്കിയിട്ടുണ്ടാവണം. ഇതിനുള്ള ഒരു തെളിവാണ് ഈ ലേഖനത്തിന്റെ ആദ്യം കൊടുത്തിരിക്കുന്ന ജനിസ് എന്ന പ്രയോഗം. മാടായി എന്ന കുടുംബ പേരുള്ള കൊച്ചിൻ ജൂതസമുദായത്തിൽ പെട്ട Ahigali യിൽ നിന്നു ലഭിച്ച ഒരു വിവാഹപ്പാട്ടാണ് താഴെ കൊടുത്തിട്ടുള്ളത്.
ചാത്തെര വഴി പൊക്കര വന്നതു കണ്ടു
തമ്പറാണിച്ചു നാമിതെല്ലാമൊത്ത
ചത്തുപോയാൽ നമക്കൊതൊരനുവം
ചരതിച്ചുവച്ചാൽ പെരിപ്പിനൊടെരും
ചരത്തെ പ്പൊരഞ്ഞയവതു അവരെ വിളിച്ചു
യെറസെവിനെ കാരെക്കാണെ കാട്ടി
ഇത്തരെ എന്ന വിലയും പറഞ്ഞു
ഇരമ്പതു വെള്ളിക്കു വിറ്റാതു കാണതവു
കടപ്പാട് : Ophira Gamliel
ഇതിന്റെ തുടർച്ചയിലുള്ള ജൂത-അറബി മലയാളത്തിലുള്ള പാട്ടുകൾ എനിക്ക് മാടായിയിൽ നിന്നും കിട്ടിയിട്ടുണ്ട്.
ഏറ്റം പിരിശത്താൽ
അറ്റം ഉടയോവർ
എകൻ തുണയാലെ ഒടിപ്പുറപ്പെട്ടു
ഇങ്ങനെ പോകുന്നു ആ പാട്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് മാടായിയിലെ ജൂതൻമാരുടെ പിൻതലമുറ പിൽക്കാലത്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നു മാത്രമല്ല മാടായിയിലെ ജൂതൻമാരുടെ ഒരു ശാഖ ഇപ്പോഴും ജറുസലേമിൽ അവരുടെ സാസ്കാരിക, സാമൂഹിക പൈതൃകം നിലനിർത്തി ജീവിക്കുന്നുണ്ട് എന്നുകൂടിയാണ്.