ചെറുപ്പകാലത്ത് കുരുത്തക്കേട് കാണിക്കുന്ന കുട്ടികളെ നോക്കി അച്ചമ്മ ഭീഷണിപ്പെടുത്തും. ഇനിയും കുരുത്തക്കേട് കാണിച്ചാൽ
ഞാൻ കയറ്റുകാരൻ പൊക്കനെ വിളിക്കും. പൊക്കൻ നിങ്ങളെയൊക്കെ പിടിച്ചു കെട്ടി മാടായിയിലെ ആലയിൽ കൊണ്ടിടും പറഞ്ഞേക്കാം….
അതോടെ താൽക്കാലികമായി പിള്ളേര് ഒന്നടങ്ങും.. കാരണം പൊക്കൻ അവർക്കൊരു പേടിസ്വപ്നമാണ്.
സദാ കയറുമായി നടക്കുന്ന പുരാണ കഥയിലെ കാലനെപ്പോലെ.
അയഞ്ഞ മുട്ടോളമെത്തുന്ന കാക്കി ടൗസറും പോലീസുകാരെപ്പോലുളകുപ്പായവുമിട്ട് മുടി പറ്റെ വെട്ടി തോളിൽ ചുരുട്ടി ഒരവയവം പോലെ തൂക്കിയിട്ട കമ്പക്കയറുമായി ഉറച്ച കാൽ വെപ്പുകളുമായി നാട്ടുപാതയിലൂടെ നടന്നു പോകുന്ന പൊക്കേട്ടനെ മിക്കപ്പോഴും കാണാറുണ്ട്.
എന്റെ വീടിൽ നിന്നും ഏറെ അകലമില്ല പൊക്കേട്ടന്റെ വീട്ടിലേക്ക്. ആരോഗദൃഢഗാത്രൻ. പാകത്തിന് ഉയരം. കരുത്തുള്ള പേശികൾ. ഗൗരവമുള മുഖഭാവം. കനമുള്ള ശബ്ദം നമ്മുെ ടെയൊക്കെ മനസിൽ പേടി നിറച്ചു വക്കുവാൻ ഇത് തന്നെ അധികമായിരുന്നു.
പറമ്പിൽ അലഞ്ഞുതിരിയുന്ന പശുക്കളെയും ആടുകളെയുമൊക്കെ ഓടിച്ച് പിടിച്ച് കഴുത്തിൽ കയർ കുരുക്കി വലിച്ചു കൊണ്ടുപോകുന്ന കാഴ്ച പലവുരു കണ്ടതാണ്.
അക്കാലത്ത് മാടായിയിലേയും പരിസരപ്രദേശങ്ങളിലെയും വീട്ട് പറമ്പുകൾക്ക് അതിരു കൽപിക്കുന്ന വേലികളൊ മതിലുകളോ ഉണ്ടായിരുന്നില്ല.
തെങ്ങിന്തോപ്പുകളും വയലുകളുമായി വലിയ തുറസ്സുകളായി അവ നിലകൊണ്ടു . കന്നുകാലികളും സുലഭം. ചിലപ്പോൾ കെട്ടിയിട്ട കയറ് പൊട്ടിച്ച് വേലി ബന്ധങ്ങളില്ലാത്ത
വെളിമ്പറമ്പുകളിൽ അവ സർവതന്ത്ര സ്വതന്ത്രരായി മേഞ്ഞു നടക്കും.
മാടായിക്കാവിലെ പ്ടാരർ പോറ്റുന്ന കാലികളെ കെട്ടിയിടുന്ന പതിവേ ഉണ്ടായിരുന്നില്ല.
അവർ രാവിലെ കറവ കഴിഞ്ഞാൽ പഴുക്കളെ മായായിപ്പാറയിലേക്ക് ഇറക്കിവിടും.
മാടായിപ്പാറയിലെ പതിവ് വിഭവങ്ങൾ വിരസമായി തോന്നുമ്പോൾ കാലികൾ കൊച്ചു സംഘങ്ങളായി ഇടവഴികളിലൂടെ നാട്ടിലേക്കിറങ്ങും …
കാവ്ക്കാലികൾ ഇറങ്ങി എന്ന് പിള്ളേർ കൂക്കിവിളിച്ച് സൈറൻ മുഴക്കും.
നാട്ടുകാർ അവയെ വിരട്ടിയോടിച്ച് കുന്ന് കയറ്റും. അല്ലെങ്കിൽ നെല്ലും പച്ചക്കറിയുമൊക്ക അവറ്റകൾ തിന്നു നശിപ്പിക്കും.
ഇതിന് ഒരു പരിഹാരമായാണ് പഞ്ചായത്ത് ആലകൾ ഉണ്ടാക്കിയത്.
വടക്കേ മലബാറിൽ പലയിടത്തും ഇത്തരം ആലകൾ ഉണ്ടായിരുന്നു. കച്ചേരി ആലകൾ എന്നാണ് ഈ കെട്ടിടങ്ങൾ അറിയപ്പെട്ടിരുന്നത്. അതൊരു ചെറിയ ജയിലാണ്. അലഞ്ഞുതിരിയുന്ന ആടുമാടുകളെ പിടിച്ച് തടവിലിടാനുള്ള ജയിൽ,
നാട്ടുകാർ ചിലപ്പോൾ പ്രതികളെ പിടിച്ച് നേരിട്ട് ജയിലിലെത്തിക്കാറുണ്ടായിരുന്നു.
അവിടെ അവയ്ക്ക് വെള്ളവും പുല്ലും കൊടുക്കുവാനുള്ള സംവിധാനവുമുണ്ട്. മാടായിയിൽ ചൈനാക്ലെക്കടുത്ത്
ഇത്തരം ഒരു തടവറ ഉണ്ടായിരുന്നു.
അത് വഴി പോകുമ്പോൾ തടവ് പുള്ളികൾ ജയിലഴിക്കുള്ളിലൂടെ നോക്കി അമറുന്നത് കാണാമായിരുന്നു.
ഇങ്ങനെ അലഞ്ഞുതിരിയുന്ന ആടുമാടുകളെയൊക്കെ ഓടിച്ച് പിടിച്ച് ആലയിലെത്തിക്കാൻ പഞ്ചായത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കയറുകാരൻ. തടവിലാക്കപ്പെട്ട കന്നുകാലികളെ തിരിച്ച് കിട്ടണമെങ്കിൽ പഞ്ചായത്തിൽ പിഴയൊടുക്കണം.
മതിലുകളില്ലാത്ത, ക്ലാസുമുറികൾക്ക് വാതിലുകളില്ലാത്ത മാടായി ഹൈസ്കൂൾ
കാവ്ക്കാലികളുടെ ഇഷ്ട വിശ്രമ സ്ഥലമാണ്. പിള്ളേര് വല്ലവരും പുസ്തകങ്ങൾ മറന്ന് വെച്ച് പോയിട്ടുണ്ടെങ്കിൽ അവയെടുത്തു ഭക്ഷിക്കാനും അവർ മടിക്കില്ല.
കാവ് ക്കാലികൾക്ക് കഴിക്കാൻ പുല്ലു തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല.
ആളൊഴിഞ്ഞ ക്ലാസുമുറികൾ അവർ ചിലപ്പോൾ പ്രസവ വാർഡ് പോലും ആക്കിക്കളയും –
ഞാൻ പഠിക്കുമ്പോൾ അത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇന്നാണെങ്കിൽ അതൊക്കെ മൊബൈലിൽ പകരത്തി സാമൂഹ്യ മാധ്യമങ്ങിൽ ആഘോഷിക്കുമായിരിക്കാം.
ഏതായാലും നമ്മുടെ കാലത്ത് കയറുകാരന്റെ ജോലി പൊക്കേട്ടനായിരുന്നു
കാലികൾക്കു പുറകെ പൊടി പാർത്തിക്കൊള്ളു ണ്ടുള്ള ആ ഓട്ടവും സാഹസികമായി അവയെ കീഴടക്കുന്നതും കെട്ടിവലിച്ച് കൊണ്ടുപോകുന്നതുമെല്ലാം ഒരു ചലച്ചിത്ര രംഗം പോലെ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട് .
പിന്നീട് കാണക്കാണെ പറമ്പ്കൾക്ക് ചുറ്റിലും വേലികളുയർന്നു.
എഴുപത് കളിൽ ഗരൾഫ് പണത്തിന്റെ വരവോടെ വേലികൾ കൽമതിലുകൾക്ക് വഴിമാറി. കുന്നിറങ്ങി വന്നിരുന്ന കാവ് ക്കാലികൾ ചക്രവ്യൂഹത്തിൽപ്പെട്ടു പോകുമോ എന്ന് ഭയപ്പെട്ട് എന്നന്നേക്കുമായി മാറി നിൽക്കാനും തുടങ്ങി.
കാണക്കാണെ കാലികളും കുറഞ്ഞു വന്നു.
രാവിലെ വീട്ടുമുറ്റത്ത് ഒരു പാൽക്കുപ്പിയുമായ ത്തുന്ന പാൽക്കാരികൾ അപൂർവ കാഴ്ചയായി. പകരം സൈക്കിളിൽ മണി മുഴക്കി പാൽ വിൽപനക്കാരനെത്തി.
ഇപ്പോഴതും മാറി.
ബൈക്കിൽ ഉച്ചത്തിൽ സൈറൻ മുഴക്കിക്കൊണ്ട് പുതിയ തലമുറയിലെ പാൽക്കാരൻ അതിവേഗം ഓടിച്ചു പോയിത്തുടങ്ങി.
ഇവരെ പിടികിട്ടാത്തവർ കടയിൽ നിന്നും
പാക്കറ്റ് പാല് വാങ്ങി അൽപം വിഷം കൂടി അകത്താക്കാൻ തുടങ്ങി..
എങ്കിലും മാടായിപ്പാറയിൽ ഒറ്റക്ക് അലഞ്ഞു തിരിയുന്ന പശുക്കളെ കാണുമ്പോൾ
എവിടെയോ അവയ്ക്ക് പുറകെ പൊക്കേട്ടൻ
കയറുമായി പതുങ്ങി നടക്കുന്നുണ്ടെന്ന് തോന്നിപ്പോകും.