പണ്ടൊരിക്കൽ മാടായിക്കാവിലെ കൂത്ത് കഴിഞ്ഞ് ചാക്യാരും സംഘവും കുന്നിറങ്ങി വെങ്ങര വഴി വടക്കോട്ട് പുറപ്പെട്ടു. ചെമ്പല്ലിക്കുണ്ട് പുഴയുടെ തീരത്ത് കടത്ത് വഞ്ചി ഇല്ലാത്തതിനാൽ പുഴ ഇറങ്ങിക്കടന്ന് യാത്ര തുടരുവാൻ തീരുമാനിച്ചു. ചാക്യാരും നങ്ങ്യാരും സംഘവും പുഴയിലിറങ്ങി. അക്കാലത്ത് പുഴയിൽ മുതലകളുടെ ശല്യം ഉണ്ടായിരുന്നു. ഇതറിയാതെ ആണ് ഇവർ പുഴയിലിറങ്ങിയത്. കഷ്ടകാലമെന്നേ പറയേണ്ടു. ചാക്യാരെ മുതല ആക്രമിച്ചു. പിന്നീട് സംഘവുമായി സംഘട്ടനമായി. നിസ്സഹായനായ ചാക്യാർ മാടായിക്കാവിലമ്മയെ മനം നൊന്ന് വിളിച്ച് പ്രാർത്ഥിച്ചു. തന്നെ മുതലയിൽ നിന്ന് രക്ഷിച്ചാൽ അപ്പോൾ തന്നെ തിരിച്ച് പോയി തിരുനടയിൽ അംഗുലീയാങ്കം കൂത്ത വഴിപാടായി നടത്താം എന്നായിരുന്നു പ്രാർത്ഥന.
അത്ഭുതമെന്നേ പറയേണ്ടൂ… മുതല പിടി വിട്ടു. ചാക്യാരും സംഘവും തിരിച്ച് കാവിലമ്മയുടെ തിരുനടയിൽ അംഗുലീയാങ്കം കൂത്ത് നടത്തി പ്രാർത്ഥന പാലിച്ചു. തികഞ്ഞ ഭക്തിയോടും കലാപാടവത്തോടും കൂടി ചാക്യാർ ആടിത്തിമർത്തു.
മാടായിക്കാവിൽ കന്നിമാസം സംക്രമം മുതൽക്ക് എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ കൂത്ത് അരങ്ങേറി വരുന്നുണ്ട്.ഇതിൽ കന്നി പതിനഞ്ചിനാണ് സവിശേഷമായ അംഗുലീയാങ്കം കൂത്ത് അരങ്ങേറുന്നത്. ഹനുമാൻ അശോകവനത്തിലെത്തി സീതയെക്കണ്ട് ശ്രീരാമൻ നൽകിയ അംഗുലീയം സമർപ്പിക്കുന്ന കഥയാണ് അന്നേ ദിവസം ആടുന്നത്. വാഴക്കുലകളും മറ്റ് തോരണങ്ങളും കൊണ്ട് അന്നേ ദിവസം വേദി മനോഹരമായി അലങ്കരിക്കപ്പെടും. ഏതായാലും ഒരു മുതലയുടെ ആക്രമണം ഇതിന് കാരണമായിഭവിച്ചു എന്ന് പറയാം.
ഏഴിമലയുടെ പരിസരങ്ങളിലുള്ള പുഴകളിൽ പണ്ടുകാലത്ത് ചീങ്കണ്ണികൾ ഉണ്ടായിരുന്നുവെന്ന് വില്യം ലോഗൻ മലബാർ മാനുവലിൽ പറഞ്ഞു വെച്ചിട്ടുണ്ട്. ഈ ചീങ്കണ്ണികൾ മീൻപിടുത്തക്കാർക്കും കർഷകർക്കും വലിയ ഭീഷണി ഉയർത്തിയിരുന്നുവത്രെ. പലരും നാടൻ തോക്കുകൾ ഉപയോഗിച്ച് ഇവയെ വേട്ടയാടാറുണ്ടായിരുന്നു. ചിലപ്പോൾ നാട്ടുകൂട്ടം വലിയ കമ്പക്കയർ കൊണ്ടുള്ള വലകളുപയോഗിച്ച് മുതല പിടിക്ക് ഇറങ്ങിയിരുന്നുവെന്നും ലോഗൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എന്റെ വെങ്ങരയിലെ വീടിനടുത്തുള്ള കൂലോത്ത് വളപ്പിലെ തോട്ടിലും പണ്ട് മുതലകളുണ്ടായിരുന്നെന്ന് പഴമക്കാർ പറഞ്ഞ് കേട്ടിരുന്നു. വടുകുന്ദ തടാകത്തിലും ഒരു മുതലയുടെ സാന്നിധ്യമുണ്ടായിരുന്നത്രെ.
ഏതായാലും കൂത്തിലേക്ക് മടങ്ങാം. മാടായിക്കാവിൽ പന്ത്രണ്ട് മാസങ്ങളിലും ചില ആചാരങ്ങൾ അനുവർത്തിച്ച് പോരുന്നുണ്ട്. ഇതിൽ പ്രധാനമാണ് കന്നിമാസത്തിലെ കൂത്ത്. കൂത്തിന് വലിയൊരു ചരിത്രമുണ്ട്. ഈ കലാരൂപം പിറന്നത് ബാദ്ധപാരമ്പര്യത്തിൽ നിന്നാണത്രെ. കഥാകഥനത്തിലൂടെ മതപരമായ ആശയങ്ങൾ പ്രചരിപ്പിക്കുവാനുള ഒരു കലാരൂപമായിട്ടാണ് കൂത്തിന്റെ ആദിമരൂപം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ബ്രാഹ്മണ്യം അത് കീഴടക്കി. കേരളം പത്താം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന കുലശേഖരപ്പെരുമാളും അദ്ദേഹത്തിന്റെ തോഴനായ ഹാസ്യ കവി തോലനും ചേർന്നാണ് കൂത്തിനെ ഇന്നത്തെ രീതിയിൽ പരിഷ്കരിച്ചെന്നാണ് ചരിത്രമതം. കേരളം കൂടി ഉൾപ്പെടുന്ന പഴയ തമിഴകത്തിലൂടെയാണ് ഈ പൈതൃകം നമുക്ക് ലഭ്യമായതെന്നും പറയപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിൽ പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് കൂത്തിന്റെ ആസ്ഥാനമായിരുന്നു. കൊട്ടിയൂരും കരിവെള്ളൂരും തുടങ്ങി പലയിടങ്ങളിലും ഇന്ന് കൂത്ത് അരങ്ങേറുന്നുണ്ട്. വിദൂഷകവേഷധാരിയായ കൂത്ത് കലാകാരന് ഒരു പാട് സ്വാതന്ത്ര്യം കൽപിച്ച് കൊടുത്തിട്ടുണ്ട്. അതിലൂടെ അയാൾ പലപ്പോഴും ശക്തമായ സാമൂഹ്യ വിമർശനവും അഴിച്ചു വിടാറുണ്ടായിരുന്നു. ഇത് പല കലാകാരൻമാർക്കും വിലക്ക് ഏർപ്പെടുത്തുന്നതിനും കാരണമായിട്ടുണ്ട്. കൂത്തരങ്ങിലെ എക്കാലത്തെയും മികച്ച കലാകാരൻമാരിലൊരാൾ മാണി മാധവ ചാക്യാരായിരുന്നു.ആധുനിക കാലത്ത് കൂത്തിനെ കൂത്തമ്പലങ്ങളിൽ നിന്നും വെളിയിലേക്ക് കൊണ്ടുവന്ന് ജനകീയമാക്കിയത് ആ അതുല്യ പ്രതിഭയായിരുന്നു.
മാടായിക്കാവിലെ കളിയരങ്ങിൽ മാധവചാക്യാരുടെ ആട്ടം കാണുവാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എന്റെ നാട്ടുകാരൻ കൂടിയായ ലോക പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായർക്ക് നേത്രാഭിനയം പകർന്ന് കൊടുത്തത് മാണി മാധവ ചാക്യാരായിരുന്നു. മാണി കുടുംബത്തിന് പാരമ്പര്യമായി ലഭിച്ചതാണ് മാടായിക്കാവിൽ കൂത്ത് നടിക്കുവാനുള്ള അവകാശം. മരുമക്കത്തായ സമ്പ്രദായത്തിലാണ് ഈ അവകാശം കൈമാറിപ്പോന്നത്. ഇന്ന് മാടായിക്കാവിൽ കൂത്ത് നടത്തുന്നത് ഈ തലമുറയിൽപ്പെട്ട നീലകണ്ഠ ചാക്യാരാണ്.
കാണികൾ ഏറെയുണ്ടാവാറില്ലെങ്കിലും ഒരു അനുഷ്ഠാനം പോലെ കന്നിമാസപ്രഭാതങ്ങളിൽ ഇവിടെ കൂത്ത് അരങ്ങേറുന്നുണ്ട്. മാടായിപ്പാറയിലൂടെ നടന്ന് നീങ്ങുന്നവർക്ക് മിഴാവിന്റെ പ്രതിധ്വനികൾ ഈ പ്രഭാതവേളകളിൽ മുഴങ്ങിക്കേൾക്കാവുന്നതാണ്.
3 thoughts on “മാടായിക്കാവിലെ കൂത്തും ഒരു മുതലയും… കെ.കെ.ആർ.വെങ്ങര”
Web Development Wizards http://myngirls.online/
Can provide a link mass to your website http://myngirls.online/
Free analysis of your website http://myngirls.online/