Rainy Season

മഴ പെയ്യുമിടം – മാടായിപ്പാറ. ഒന്നാം കാലത്തിലായാലും ആറാം കാലത്തിലായാലും ഇവിടെ മഴ ചാഞ്ഞുതന്നെ പെയ്യുന്നു. എന്താണന്നറിയില്ല, മാടായിപ്പാറയ്ക്കുമേൽ ചിറകുവിരിക്കുന്ന മഴയ്ക്ക് അനവദ്യ സൗന്ദര്യമാണ്.

പുലർകാലമഴ-മധ്യാഹ്നമഴ-സായാഹ്നമഴ-രാത്രിമഴ അങ്ങനെയങ്ങനെ വിദഗ്ധനാമൊരു കലാസംവിധായകനെപ്പോൽ മഴക്ക് വ്യത്യസ്ത പശ്ചാത്തലമൊരുക്കാൻ വെമ്പൽകൊള്ളും മാടായിപ്പാറ.

ഏഴിമലക്കാറ്റേറ്റു വരുന്ന പുതുമഴക്ക് മൃതസഞ്ജീവനിയുടെ സൗരഭ്യമാണ്. ഉണങ്ങിവരണ്ടണ്ട പുൽപ്പടർപ്പുകളിൽ എത്ര പെട്ടെന്നാണ് പുതുജീവനുകൾ ഉണർന്നെണീക്കുക! മൂഷികവംശത്തിന്റെ പെരുമയായ പുതുമഴയ്ക്ക്.

പുലർമഴയാകട്ടെ വെഞ്ചാമരവും താളവട്ടവുമായി പതിഞ്ഞ താളത്തിൽ തെക്കിനാക്കിൽ കോട്ടയിലേക്ക് എഴുന്നള്ളും. സായാഹ്നമഴയ്ക്ക് ഗൃഹാതുരത്വത്തിന്റെ ഹൃദയതാളമാണ്. നമ്മെ നിർവൃതിയുടെ അനന്ത വിഹായസുകളിലേക്ക് ആനയിക്കുമത്. പടിഞ്ഞാറൻ കാറ്റിന്റെ ആർദ്രത പ്രകൃതിയെ കുളിരണിയിക്കും. സായാഹ്നമഴയിലാണ് തിത്തിരിപക്ഷികൾ ആനന്ദനൃത്തമാടുന്നത്. സായന്തനങ്ങളിൽ കാറുമൂടിയ ആകാശങ്ങളിൽ ഇന്ദ്രധനുസ്സുകൾ ഭയത്തിന്റെ വിള്ളലുകൾ തീർക്കും. പിന്നെ രാത്രിമഴയുടെ കൊട്ടിക്കലാശമാണ്. ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും സുഗതകുമാരിയുടെ രാത്രിമഴ!

മഴപെയ്ത്തിൽ നിറഞ്ഞു തൂവുന്ന പാറക്കുളങ്ങൾക്കു ചുറ്റും പിന്നെ ജീവി വർഗ്ഗങ്ങളുടെ സമ്മേളനമാകും. കാലവർഷക്കാലത്ത് പച്ചപ്പട്ടുടുത്താണ് മാടായിപ്പാറ അണിഞ്ഞൊരുങ്ങി നിൽക്കുക. കാക്കപ്പൂവുകൾ മിഴിതുറന്നാൽ പിന്നെ ഇവിടം നീലക്കടലായി മാറും. കൃഷ്ണപ്പൂവും തുമ്പയും കാക്കപ്പൂവുകൾക്ക് കൂട്ടായെത്തും.

മലയാളിക്ക് അധികം കിട്ടിയ വസന്തകാലമായ ഒാണക്കാലത്ത് പൂപ്പൊലിപ്പാട്ടുമായി കുട്ടിക്കുറുമ്പുകളെത്തുമായിരുന്നു, മഴനനയാൻ. മഴയും വെയിലുമപ്പോൾ ഒളിച്ചുകളി നടത്തും. എത്രയെത്ര പുതുജീവനുകളാണപ്പോൾ മാടായി പ്പാറയ്ക്കു മേൽ നൃത്തംചവിട്ടുക! പലവർഗ്ഗപ്പെരുമയുള്ള ബഹുവർണ്ണ ശോഭയുള്ള ചിത്രപതംഗങ്ങൾ മഴവിൽ കൗതുകം തീർക്കും.

ഉത്തരനാട്ടിൽ മഴയ്ക്ക് നാന്ദിയാവുക സമീപത്തെ മാടായിക്കാവിലെ കലശകാലത്താണ്. പിന്നെ മഴയുടെ തട്ടുപറിക്കലാണ്. ചരിത്രത്തോളം ആഴമുള്ള മാടായിമഴ!

ജൂതനും സുൽത്താനും ഇഴചേരുന്ന സംസ്കാര പൈതൃകത്തെ തോറ്റി ഉണർത്തുന്ന മഴപെയ്ത്തിനെ അടയാളപ്പെടുത്തുക ഏത് അളവുകോലുകൊണ്ടണ്ടാണ്.

കാലമേറെ ആയിട്ടും മഴയിപ്പോഴും മാടായിപ്പാറക്കുമേൽ ഒരവധൂതനെപ്പോൽ, അല്ലെങ്കിൽ പരിചിതഭാഷയിൽ പറഞ്ഞാൽ രാമൻനായരെപ്പോൽ തലങ്ങും വിലങ്ങും പെയ്തു കൊണേ്ണ്ടടയിരിക്കുന്നു.